Categories

എച്ച്.ഐ.വി പോസിറ്റീവായ എട്ട് കുട്ടികളെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കി

ഗുഡ്ഗാവ്‍:ഗുഡ്ഗാവിലെ സ്വകാര്യ സ്‌ക്കൂളില്‍ നിന്നും എച്ച്.ഐ.വി പോസിറ്റീവായ എട്ട് കുട്ടികളെ പുറത്താക്കി. നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് പുറത്താക്കപ്പെട്ടത്.പുറത്താക്കപ്പെട്ടവരെല്ലാം അനാഥരാണ്. ഇവരെ പിന്നീട് ഗവണ്‍മെന്റ് സ്‌ക്കൂളിലേക്കയച്ചെങ്കിലും അവിടെനിന്നും പുറത്താക്കപ്പെടുകയായിരുന്നു.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജ്യോതി ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘കുട്ടികളുടെ പരാതി നേരത്തെ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ കാര്യം ഞങ്ങളറിഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്‌ക്കൂള്‍ അധികൃതക്കെതിരെ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കും.’

ഇതിനെതിരെ മൗനം പാലിച്ച അധികാരികള്‍ മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. കുട്ടികളെ പുറത്താക്കിയ രണ്ട് സ്‌ക്കൂളുകള്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

‘ഞാന്‍ സ്ഥിരമായി സ്‌ക്കൂളില്‍ പോകാറുണ്ടായിരുന്നു. നേരത്തെ ടീച്ചര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞശേഷം എന്നെ വേര്‍തിരിച്ചുകാണാന്‍ തുടങ്ങി. മറ്റു കുട്ടികളില്‍ നിന്നും ഞങ്ങളെ മാറ്റി ഇരുത്തുകയും ചെയ്തു. ഞങ്ങളെ ക്ലാസില്‍ നിന്നും പുറത്താക്കുകയും ഞങ്ങളെ കൊണ്ട് എല്ലാ ജോലികളും ചെയ്യിക്കുകയും ചെയ്തു.’ പുറത്താക്കപ്പെട്ട ഒരു കുട്ടി പറയുന്നു.

‘സ്‌ക്കൂളില്‍ എല്ലാവരും ഞങ്ങളെ ഒഴിവാക്കുന്നു. ടീച്ചറും ഞങ്ങളെ മാറ്റിനിര്‍ത്തുന്നു. ഞങ്ങളോട് ആരും സംസാരിക്കുകയോ, കളിക്കുകയോ ഇല്ല.’ കുട്ടി കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.