ചെന്നൈ: കൂടങ്കുളം ആണവനിലയം തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്.പി ഉദയകുമാറും 14 സമരസമിതി നേതാക്കളും നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇതേ തുടര്‍ന്ന് കൂടംകുളത്തും സമീപപ്രദേശത്തും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി. അതേസമയം കൂടംകുളത്തെ നിരോധനാജ്ഞ തുടരുകയാണ്.

ഗ്രാമവാസികളുമായി കലക്ടറും പോലീസും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്  നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറായത്. ഗ്രാമവാസികളുടെ ആവശ്യം പരിഗണിക്കാമെന്ന് കല്കടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സമരം നടത്തുന്ന ജനങ്ങളുടെ പ്രതിനിധികളുമായി തിരുനെല്‍വേലി ജില്ലാ കലക്ടര്‍ ശെല്‍വരാജ് ചൊവ്വാഴ്ച ഉച്ചക്ക് പരമേശ്വരപുരം പഞ്ചായത്ത് ഓഫിസില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴിതെളിഞ്ഞത്. മേഖലയിലെ ഓരോ ഗ്രാമത്തില്‍നിന്നും ആണവനിലയ വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് കേസുകളില്ലാത്ത ഒരാളെ വീതം ഉള്‍പ്പെടുത്തി 15 പേരെ തിരഞ്ഞെടുത്ത് മധുര ആര്‍ച്ച് ബിഷപ് പീറ്റര്‍ ഫെര്‍ണാണ്ടോയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തമിഴ്‌നാട് സര്‍ക്കാറിനു വേണ്ടി കലക്ടര്‍ക്കു പുറമെ തിരുനെല്‍വേലി മേഖലാ ഡി.ഐ.ജി വരദരാജ്, എസ്.പി വിജയേന്ദ്ര പിഠാരി എന്നിവരും പങ്കെടുത്തു.

ഉദയകുമാര്‍, പുഷ്പരായന്‍ എന്നിവരും എട്ട് സ്ത്രീകളുമുള്‍പ്പെടെ 15 പേരാണ് കഴിഞ്ഞ 19 മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ഇതില്‍ ഒരു സ്ത്രീയെ കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റി. ഉദയകുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ചൊവ്വാഴ്ച അവരെ പരിശോധിച്ച തിരുനെല്‍വേലി ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരുന്നു.

സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയും കേന്ദ്രതമിഴ്‌നാട് സര്‍ക്കാറുകള്‍ ചര്‍ച്ചക്ക് തയാറാവുകയും ചെയ്താല്‍ അനിശ്ചിതകാല നിരാഹാരം പിന്‍വലിച്ച് സൂചനാസമരം തുടരുമെന്ന് കഴിഞ്ഞ ദിവസം ഉദയകുമാര്‍ വ്യക്തമാക്കിയിരുന്നു. ആണവനിലയ വിരുദ്ധ സമരക്കാര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കുക, സമരവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് ജയിലിലടച്ച 200ഓളം പേരെ ജാമ്യത്തില്‍ വിടുക, രാധാപുരം താലൂക്കിലെ നിരോധാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജനപ്രതിനിധിസംഘം മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.