ന്യൂദല്‍ഹി: പണപ്പെരുപ്പമോ ഭക്ഷ്യ വില വര്‍ദ്ധനവോ പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവോ ഒന്നും ഇവരുടെ കുടുംബ ബഡ്ജറ്റിനെ ഒരു തരത്തിലും ബാധിക്കില്ല. കാരണം യു.പി.എ മന്ത്രിസഭയിലെ മന്ത്രിമാരില്‍ 77 ശതമാനം പേര്‍ കോടീശ്വരന്‍മാരാണ്. കേന്ദ്രമന്ത്രിമാരുടെ ശരാശരി സ്വത്ത് 10.6 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മന്ത്രിമാരുടെ സ്വത്തിലുണ്ടായ വര്‍ധനവ് 3.3 കോടി രൂപ. കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ അവലോകനം ചെയ്ത് നാഷണല്‍ ഇലക്ഷന്‍ വാച്ചാണ് ഈ വസ്തുതകള്‍ വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ടനുസരിച്ച വ്യവസായ മന്ത്രി എന്‍.സി.പിയിലെ പ്രഫുല്‍ പട്ടേലാണ് മുന്നില്‍. പട്ടേലിന്റെ കൈവശമുള്ളത് 122 കോടിയുടെ സ്വത്തുക്കളാണ്. ഡി.എം.കെ. മന്ത്രി ഡോ. എസ് ജഗത്‌രക്ഷകനാണ് രണ്ടാമന്‍. ജഗത്‌രക്ഷകന് ഇപ്പോള്‍ 70 കോടിയുടെ സ്വത്തുണ്ട്. 41 കോടി സ്വത്തുമായി നഗര വികസന കാര്യ മന്ത്രി കമല്‍ നാഥാണ് കോടീശ്വരന്‍മാരില്‍ മൂന്നാമന്‍.

വരുമാനവര്‍ധനയില്‍ മന്ത്രി ഡോ. എസ് ജഗത്‌രക്ഷകനാണ് മുന്നില്‍. ജഗത്‌രക്ഷകന്റെ വരുമാനം രണ്ടുവര്‍ഷത്തിനകം 64.5 കോടി രൂപ വര്‍ധിച്ചു. 2009ല്‍ 5.9 കോടി രൂപയുണ്ടായിരുന്ന ജഗത്‌രക്ഷകന് ഇപ്പോള്‍ 70 കോടിയുടെ സ്വത്തുണ്ട്. 42 കോടി രൂപയുടെ വരുമാനവര്‍ധനയോടെ മന്ത്രി പ്രഫുല്‍പട്ടേല്‍ രണ്ടാമതാണ്. കമല്‍നാഥിന്റെ വരുമാനം 26 കോടി വര്‍ധിച്ചു.

77 കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ സ്വത്തുവിവരങ്ങളും 2009 തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്താണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 19 മന്ത്രിമാര്‍ തങ്ങളുടെ ആസ്തികളില്‍ പലതിന്റെയും മൂല്യം വെളിപ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്താല്‍ കേന്ദ്രമന്ത്രിമാരുടെ സമ്പാദ്യം ഇനിയുമുയരും.

നിലവില്‍ 10,63,55,097 രൂപയാണ് ഒരു കേന്ദ്രമന്ത്രിയുടെ ശരാശരി സ്വത്ത്. 2009ല്‍ ഇത് 7.3 കോടിയായിരുന്നു.രണ്ട് വര്‍ഷം കൊണ്ട് 3.3 കോടിയുടെ വര്‍ധനവാണുണ്ടായത്.