എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡ് : രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 75 ശതമാനം പോളിംഗ്
എഡിറ്റര്‍
Tuesday 19th November 2013 7:56pm

chathisgarh-ele

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ എഴുപത്തിയഞ്ച് ശതമാനം പോളിംഗ്.

വടക്കന്‍ ഛത്തീസ്ഗഡിലെയും മധ്യമേഖലയിലെയും 19 ജില്ലകളിലെ 72 നിയോജകമണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട്  അഞ്ച് വരെ നടന്ന തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെയുള്ള 90 മണ്ഡലങ്ങളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 11 ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. 75.53 ശതമാനം വോട്ടെടുപ്പാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയിരുന്നത്.

ബി.ജെ.പിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ ഏറ്റ് മുട്ടുന്ന ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ നിയമസഭാ സ്പീക്കര്‍ ധരംലാല്‍ കൗശിക്, മന്ത്രിസഭയിലെ രണ്ടാമന്‍ ബ്രിജ്‌മോഹന്‍ അഗര്‍വാല്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാര്‍ മത്സരരംഗത്തുണ്ട്.

ബി.ജെ.പി യില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള  72 സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 843 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 75 പേര്‍ സ്ത്രീകളാണ്.

മികച്ച പോളിംഗ് ഇരു പാര്‍ട്ടിക്കും പ്രതീക്ഷയേകുന്നുണ്ട്. മികച്ച പോളിംഗ് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് പറഞ്ഞു.

മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നത്. സമധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താനായി ഒരു ലക്ഷത്തോളം സുരക്ഷാ ഭടന്മാരെ വിന്യസിച്ചിരുന്നു. ഡിസംബര്‍ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും.

Advertisement