കൈറോ: അപ്രതീക്ഷിതമായാണ് ഈജിപ്ത് ടീമായ അല്‍ അഹ് ലി ആ മത്സരം വിജയിച്ചത്. ആരാധകര്‍ ആ വിജയം പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല. വിജയാഹ്ലാദത്തില്‍ എന്തുചെയ്യണമെന്നറിയാതെ അവര്‍ ഒന്നടങ്കം ഗ്രൗണ്ടിലേക്ക് ഇരച്ചു കയറി. മത്സരം ജയിച്ചവരുടെ ആഹ്ലാദപ്രകടത്തോടൊപ്പം എതിര്‍ ടീം ആരാധകരുടെ പ്രതിഷേധ പ്രകടനം കൂടിയായപ്പോള്‍ അതൊരു യുദ്ധക്കളമായി.

Subscribe Us:

ആനുവല്‍ ചാമ്പ്യന്‍ഷിപ്പ മത്സരത്തില്‍ അല്‍ മാസ്‌റി- അല്‍ അഹ ലി ടീമിന്റെ മത്സരമായിരുന്നു ഗ്രൗണ്ടില്‍ നടന്നിരുന്നത്. മത്സരത്തില്‍ ഈജിപ്തിന്റെ ഹോം ടീമായിരുന്ന അല്‍ അഹ് ലി 3-1 ന് പിറകിലായിരുന്നു. മത്സരം തീരാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കളിയെ മാറ്റി മറിച്ചു കൊണ്ട് അല്‍ അഹ് ലി ടീം വിജയിക്കുന്നത്.

വിജയാഹ്ലാദം പങ്കിടാനായി പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ഒന്നിച്ച് ഗ്രൗണ്ടിലെത്തി. എന്നാല്‍ അല്‍ അഹ് ലി ടീമംഗങ്ങളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  73 ആളുകളുടെ മരണത്തിനാണ് പിന്നീട് ഗ്രൗണ്ട് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്.

വാര്‍ത്താ ചാനലുകള്‍ പുറത്തു വിട്ട വീഡിയോയില്‍ നിന്നും ആരാധകര്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞടുക്കുന്നതും അല്‍ അഹ് ലി ടീം അംഗങ്ങള്‍ക്ക് നേരേ ചില ആളുകള്‍ വടിയും ചെരുപ്പും വലിച്ചെറിയുന്നതും  കാണാമായിരുന്നു. ടീം മാനേജരെ മര്‍ദ്ദിക്കാനുള്ള ശ്രമവും ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായി. പിന്നീട് ആരാധകര്‍ തമ്മിലുള്ള അടിപിടിയിലേക്ക് കാര്യങ്ങള്‍ വഴുതിമാറി. പോലീസിന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴേക്ക് തന്നെ ഗ്രൗണ്ട് യുദ്ധക്കളമായി. ചില ആരാധകര്‍ ഗ്രൗണ്ടിന് തീയിടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായി.

ആളുകള്‍ വടികളും കല്ലുകളും കുപ്പികളും എടുത്തെറിഞ്ഞതു മൂലം ടീമംഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തീവ്രവാദികളെ പോലെയായിരുന്നു അവിടെ ആളുകള്‍ പെരുമാറിയിരുന്നതെന്ന് അല്‍ അഹ് ലി ടീമംഗമായ സയ്യിദ് ഹമ്ദി പറഞ്ഞു. ഞങ്ങളെ പെട്ടന്ന് തന്നെ ലോക്ക് റൂമിലേക്ക് മാറിയതുകൊണ്ടു രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരമൊരു ദുരന്തം നടന്ന സാഹചര്യത്തില്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം ഒഴിവാക്കുകയാണെന്ന് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഗ്രൗണ്ടില്‍ വേണ്ടത്ര പോലീസ് സന്നാഹങ്ങള്‍ ഇല്ലാതിരുന്നതും സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

മരിച്ചവരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ചികിത്സാചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുമുന്‍പ് 1996 ഒക്ടോബര്‍ 16 ന് ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഗ്വാട്ടിമാല സിറ്റി സ്‌റ്റേഡിയത്തിലും സമാന സംഭവം ഉണ്ടായിരുന്നു. അന്നത്തെ ദുരന്തത്തില്‍ 78 ആളുകള്‍ മരിക്കുകയും 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Malayalam News

Kerala News in English