ജറുസലേം: ഇസ്രയേലിന്റെ ക്ഷണമനുസരിച്ച് ഇന്ത്യയില്‍ നിന്നും 7232 ജൂതന്മാര്‍ ഇസ്രയേലിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്നു. ലോകരാജ്യങ്ങളില്‍ നിന്നും ജൂതരെ ക്ഷണിക്കുകയാണ് ഇസ്രയേല്‍. ഇത്തരത്തില്‍ കുടിയേറുന്ന ജൂതരെ താമസിപ്പിക്കാനെന്ന പേരിലാണ് കൂടുതല്‍ ഫലസ്തീന്‍ ഭൂമി കൈയേറി കുടിയേറ്റനിര്‍മാണം ഇസ്രയേല്‍ വ്യാപിപ്പിക്കുന്നത്.

ഇസ്രയേലി കുടിയേറ്റ വ്യാപനത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ ജൂതന്മാര്‍ക്ക് പ്രവേശനം പുനരാരംഭിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നത്.വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളായ മണിപ്പുര്‍, മിസോറം എന്നിവിടങ്ങളില്‍ നിന്നാണ് ജൂതന്മാര്‍ കുടിയേറ്റത്തിനൊരുങ്ങുന്നത്. ഇവരുടെ കുടിയേറ്റത്തിന് ഉടന്‍തന്നെ ഇസ്രയേലി സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് വാര്‍ത്തകള്‍. ഇന്ത്യയില്‍നിന്ന് ജൂതസംഘത്തെ ഇസ്രയേലില്‍ എത്തിക്കാന്‍ ഏകദേശം 100 കോടി രൂപയോളം ചെലവുവരും.

കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് 1700ലധികം ജൂതന്മാര്‍ ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍. പിന്നീട് ഇവരുടെ ജൂതത്വത്തില്‍ സംശയമുയര്‍ന്നിരുന്നു. ബൈബിളിലെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായാണ് ഇസ്രയേല്‍ പത്രങ്ങള്‍ കുടിയേറ്റങ്ങളെ വിലയിരുത്തുന്നത്.