സനാ: യമനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ മരിച്ചു. പ്രസിഡന്റ് അലി അബ്ദുല്ല സലേഹ് സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ടു ആയിരങ്ങള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രകടനം നടത്തിയ ഗോത്ര വിഭാഗങ്ങളെ ലക്ഷ്യമാക്കിയായിരുന്നു യമന്റെ വടക്കന്‍ പ്രവിശ്യയില്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.

എന്നാല്‍ ഇവര്‍ അല്‍ ഖ്വയിദ ബന്ധമുള്ളവരാണെന്നാണ് സര്‍ക്കാറിന്റെ വാദം. ഈ വര്‍ഷം ഇതുവരെ 60 പേരാണ് തലസ്ഥാനമായ സാനയിലെ അര്‍ഹാബ് പ്രവിശ്യയില്‍ മാത്രം സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യെമനില്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം ക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.