കോഴിക്കോട് : റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കുള്ള ഏഴു പേരെ പോലീസ് തിരിച്ചറിഞ്ഞു. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന പള്ളൂര്‍ സ്വദേശി റഫീഖിനെയും കൊടി സുനിലിനെയും അന്വേഷിച്ച് പോലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെയും പ്രതികളെ സഹാച്ചവരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ഏഴു പ്രതികളെയും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഗൂഢാലോചനയില്‍ പങ്കുള്ളവരെ വലയിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ആറംഗ സംഘത്തെ നിയോഗിച്ചതും. അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെയാണ് ആറംഗ സംഘത്തെ നിയോഗിച്ചത്. സി.പി.എമിന്റെ ബന്ധം തള്ളിക്കളയാനാകാത്ത സാഹചര്യത്തിലാണ് സി.പി.എമുമായി ബന്ധമുള്ള മുന്‍കാല പോലീസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന ഉദ്യോഗസ്ഥനെ സംഘത്തില്‍ നിന്നും മാറ്റിയതെന്നും സൂചനയുണ്ട്.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. വിന്‍സന്‍.എം.പോള്‍ ഇന്നലെ കൃത്യം നടന്ന സ്ഥലം സന്ദര്‍കുകയും അന്വേഷണ സംഘം യോഗം കൂടി കേസിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു. പല ഘട്ടങ്ങിളിലായിട്ടാണ് ഗൂഢാലോചന നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഗൂഢാലോചനയുടെ ഏകദേശ രൂപവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് ചെക്യാട്ട് ഒരു വിവാഹവീട്ടില്‍ വെച്ചാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ ഒരു പ്രതിയുടെ മകളുടെ വിവാഹത്തിന് ഒത്തുകൂടിയപ്പോഴാണ് പദ്ധതിയുടെ അന്തിമ തീരുമാനമായതെന്നും പോലീസ് സംശയിക്കുന്നു. സി.പി.എമിന്റെ ഒരു ജില്ലാ നേതാവും രണ്ട് ഏര്യാ നേതാക്കന്‍മാരും സംശയത്തിന്റെ നിഴലിലാണ്. ഇവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.

 

Malayalam News

Kerala News in English