എഡിറ്റര്‍
എഡിറ്റര്‍
ചാര്‍മിനാര്‍ പരിസരത്ത് വീണ്ടും സംഘര്‍ഷം
എഡിറ്റര്‍
Saturday 17th November 2012 10:13am

ഹൈദരാബാദ്: പഴയ ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വീണ്ടും സംഘര്‍ഷം. ചാര്‍മിനാര്‍ പരിസരത്ത് ക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads By Google

സംഘര്‍ഷത്തിലുണ്ടായ കല്ലേറിലും പോലീസിന്റെ പ്രതിരോധത്തിലുമാണ് പലര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ നാല് വാഹനങ്ങള്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ജുമുഅ നിസ്‌കാരം കഴിഞ്ഞ് ചാര്‍മിനാറിന് സമീപമുള്ള പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയവരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷാവസ്ഥ മുന്‍കൂട്ടികണ്ട് വ്യാഴാഴ്ച്ച രാത്രി തന്നെ പോലീസ് ചാര്‍മിനാറിനും മക്കാ മസ്ജിദിനും സമീപത്തും ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു.

ചാര്‍മിനാറിന് സമീപത്തേക്ക് നീങ്ങിയ ആളുകളെ പോലീസ് തടയുകയായിരുന്നു. ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹൈദരാബാദിലെ സര്‍ദാര്‍ മഹല്‍, പഞ്ചേഷാഹ് എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു.

സംഘര്‍ഷത്തില്‍ ഒരു പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു.

ചാര്‍മിനാറിന് സമീപം ക്ഷേത്രം നിര്‍മിക്കുന്നതിനെതിരായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചാര്‍മിനാറിന് സമീപം ക്ഷേത്രത്തിനായി കെട്ടിയ താര്‍്പ്പായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതും എതിര്‍പ്പിനിടയാക്കിയിരുന്നു.

Advertisement