ഷബ്കാദര്‍: പാക്കിസ്ഥാനില്‍ രണ്ട് ചാവേര്‍ ബോംബ് ആക്രമണങ്ങളിലായി 73 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഷബ്കാദറിലാണ് സ്‌ഫോടനം നടന്നത്. പാക്കിസ്ഥാന്റെ അര്‍ദ്ധസൈനിക വിഭാഗം പരിശീലനം നടത്തുന്ന കേന്ദ്രത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്.
ബിന്‍ലാദന്‍ വധത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ പരിശീലന കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ഖൈബര്‍-പഖ്്തൂണ്‍ മേഖലയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെയാണ് സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത് ആദ്യ സ്‌ഫോടനം നടന്നു എട്ടു മിനുട്ടുകള്‍ക്കു ശേഷമായിരുന്നു.

ആദ്യ സ്‌ഫോടനത്തിലുണ്ടായ അവശിഷ്ടങ്ങള്‍ സുരക്ഷാസേന നീക്കം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാമത്തെ ചാവേര്‍ ബൈക്കിലെത്തി സ്‌ഫോടനം നടത്തിയത്. അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടതിലേറെയും. സ്‌ഫോടനത്തിന്റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദ ഏറ്റെടുത്തു.ലാദന്റെ മരണത്തിനുള്ള മറുപടി തുടങ്ങിയതായും ഇനിയും വന്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നുമുള്ള ഭീഷണിയും അല്‍ഖ്വയ്ദയില്‍ നിന്നുണ്ടായി.

ഉസാമ ബിന്‍ ലാദന്‍ വധത്തിനു പ്രതികാരം ചെയ്യുമെന്ന് അല്‍ഖ്വയ്ദയും താലിബാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.