എഡിറ്റര്‍
എഡിറ്റര്‍
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു: ലിംഗ സമത്വത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി
എഡിറ്റര്‍
Saturday 26th January 2013 7:08am

ന്യൂദല്‍ഹി: രാജ്യം ഇന്ന് അറുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ കെസാര്‍ നാംഗ്യേല്‍ വാങ്ചുക് മുഖ്യാതിഥിയാകും.

Ads By Google

റെയ്‌സിന ഹില്‍സില്‍ നിന്ന് ചെങ്കോട്ട വരെ എട്ടു കിലോമീറ്ററാണ് റിപ്പബ്ലിക് ദിന ഘോഷയാത്ര കടന്നുപോകുന്നത്. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

ഇന്ത്യയുടെ സൗഹൃദം പാകിസ്ഥാന്‍ ഔദാര്യമായി കാണരുതെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഭീകരതയെ ഇന്ത്യ ഒരിക്കലും കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിന് എല്ലാവരും തയ്യാറാകണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ദല്‍ഹി കൂട്ടമാനഭംഗം രാജ്യത്തെ അസ്വസ്ഥമാക്കി. കൂട്ടബലാത്സംഗത്തിനെതിരായുള്ള യുവാക്കളുടെ പ്രതിഷേധങ്ങള്‍ ന്യായമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

കൂട്ടമാനഭംഗത്തിനിരയായി ദല്‍ഹി പെണ്‍കുട്ടി മരിച്ച സംഭവം നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യത്തിനേറ്റ കളങ്കമാണ്. ലിംഗസമത്വത്തിനായി പൗരസമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കണം.

സ്വതന്ത്ര ഇന്ത്യ ഇനിയുള്ള കാലത്ത് ലിംഗസമത്വത്തിനും യുവതലമുറക്ക് മുന്നേറാന്‍ പാകത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ശ്രദ്ധിക്കണം.

അതിന് കഴിയാതെ വന്നാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടി വരും. പൊതുസമൂഹവും സര്‍ക്കാരും ഒന്നിച്ചു ശ്രമിക്കുമ്പോള്‍ മാത്രമാണ് ഇത് സാധ്യമാക്കാന്‍ കഴിയുക രാഷ്ട്രപതി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ സ്ത്രീക്കുള്ള പങ്ക് തിരിച്ചറിയണം. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനപ്പുറം, കൈവിട്ടുപോകുന്ന നമ്മുടെ ധാര്‍മികത പുന:സ്ഥാനപിക്കാനുള്ള സമയമായി ഇതിനെ കാണണം.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ നക്‌സല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചേക്കാം. വെല്ലുവിളികളെ അതിജീവിച്ച് ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

Advertisement