സാഗര്‍: മധ്യപ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ട 61 ട്രക്കുകള്‍ കാണാതായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധോര്‍ലുരിലെ ഫാക്ടറിയില്‍ നിന്ന് പുറപ്പെട്ട 300 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുകളാണ് കാണാതായത്. സ്വകാര്യ കമ്പനിയായ ഗണേഷ് എക്‌സ്‌പ്ലോസീവിലേക്കാണ് വാഹനങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍ വാഹനങ്ങള്‍ സമയം കഴിഞ്ഞിട്ടും ഇവിടെ എത്തിയിട്ടില്ല. ഇവയെക്കുറിച്ച് അധികൃതര്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടുമില്ല.

‘ തങ്ങള്‍ ലൈസന്‍സിക്ക് സ്‌ഫോടക വസ്തുക്കള്‍ കൈമാറിയിട്ടുണ്ട്. അവര്‍ ട്രക്കുകളില്‍ കയറ്റുകയും ചെയ്തു. അതിന് ശേഷം അവക്കെന്ത് സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയില്ല. തങ്ങള്‍ ഇതിന് ഉത്തരവാദിയല്ല’ രാജസ്ഥാന്‍ എക്‌സ്‌പ്ലോസീവ് ജനറല്‍ മാനേജര്‍ വൈ സി ഉപാധ്യായ വ്യക്തമാക്കി.

ഡിറ്റണേറ്ററുകള്‍, ജലാറ്റിന്‍ സ്റ്റിക്ക് തുടങ്ങിയവയടങ്ങിയതാണ് സ്‌ഫോടക വസ്തുക്കള്‍. കഴിഞ്ഞ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് ട്രക്കുകള്‍ പുറപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് പോയ ഏജന്റുമാരുടെ ലൈസന്‍സ് കാലാവധി കഴിയുകയും ചെയ്തിട്ടുണ്ട്.

ഏതായാലും സംഭവം സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായിരിക്കയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ കയ്യില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിപ്പെട്ടോയെന്നാണ് ഇവരുടെ സംശയം. സൂറത്ത് ധോല്‍പൂര്‍ സ്‌ഫോടനങ്ങളില്‍ ഉപയോഗിക്കപ്പെട്ടത് ഡിറ്റനേറ്ററുകളായിരുന്നു.