മുംബൈ :ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍  ആറാമത്തെ വയസ്സില്‍  ആറുവിക്കറ്റെടുത്ത് ചരിത്രം സൃഷ്ടിക്കുകയാണ് മുഷീര്‍ ഖാന്‍. മുംബൈ പ്രെസ്റ്റീജ്യസ് ഇന്റര്‍ സ്‌കൂള്‍ ഗെയ്ല്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലാണ് മുഷീര്‍ ആറ് വിക്കറ്റ് എടുത്തത്. 8ാമത്തെ വയസ്സില്‍ സ്‌കൂള്‍ ക്രിക്കറ്റ് മീറ്റില്‍  സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇതുപോലൊരു റെക്കോര്‍ഡ് എടുത്തിരുന്നു. ഭാവിയിലെ ടെന്‍ഡുല്‍ക്കറാവാനുള്ള പരിശ്രമത്തിലാണ് മുഷീര്‍.

നൗഷാദ് ഖാന്റെ മകനായ മുഷീര്‍ ഖാന്‍ അന്‍ജുമെന്‍-ഇ-ഇസ്ലാം സ്‌കൂളിനുവേണ്ടിയാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. മുഷീറിന്റെ ചേട്ടന്‍ സര്‍ഫ്രാസും ക്രിക്കറ്റ് താരമാണ്. സ്‌കൂള്‍ മീറ്റില്‍ 400 റണ്‍സെടുത്ത്് സര്‍ഫാസ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. തന്റെ വഴിയിലൂടെ തന്നെ അനിയനും വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സര്‍ഫ്രാസ് പറഞ്ഞു.
മുഷീറിന്റെ രക്തത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള താത്പര്യമുണ്ട്. ബാറ്റും ബോളും അടുത്തുവെച്ചിട്ടാണ് അവന്‍ ഉറങ്ങുന്നതു പോലും. അവന് ക്രിക്കറ്റിനോട് അത്രയേറെ താത്പര്യമാണെന്നും സര്‍ഫ്രാസ് പറഞ്ഞു. മുഷീറിനെപ്പോലൊരു താരത്തിന്റെ കോച്ചാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇക്ബാല്‍ തന്‍കൂര്‍ പറഞ്ഞു. അസാമാന്യ കഴിവുള്ള കുട്ടിയാണ് മുഷീര്‍. അവനേക്കാള്‍ പ്രായമുള്ളവര്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് അവന്‍ ചെയ്യുന്നത്. ഭാവിയിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി മുന്‍ഷീര്‍ വരുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.