എഡിറ്റര്‍
എഡിറ്റര്‍
യൗവ്വനം നിലനിര്‍ത്താനുള്ള ആറ് വഴികള്‍
എഡിറ്റര്‍
Wednesday 28th November 2012 3:18pm

യുവാക്കളും യുവതികളുമായി എക്കാലവും ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുവെ എല്ലാവരും. എന്നാല്‍ ഒരു പ്രായം കഴിയുന്നതോടെ എല്ലാവരില്‍ നിന്നും യുവത്വത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെടും. പ്രായം തോന്നിക്കുന്ന മുഖവും ശരീരഘടനയും വരും. പുരുഷന്‍മാരെ അപേക്ഷിച്ച് പെട്ടെന്ന് പ്രായം കൂടിയവരായി തോന്നുക സ്ത്രീകളെയാണ്. ശരീരം പെട്ടെന്ന് വണ്ണം വെയ്ക്കുന്നു എന്നത് തന്നെയാണ് അവരെ അലട്ടുന്ന പ്രധാനപ്രശ്‌നം. എന്നാല്‍ വളരെ നിസാരമായ ചില ചിട്ടകള്‍ സ്വീകരിക്കുന്നതിലൂടെ യുവത്വത്തെ എന്നും കൂടെ നിര്‍ത്താന്‍ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ചുവടെ പറയുന്നത്.

Ads By Google

ചര്‍മ്മ സംരക്ഷണം

സംരക്ഷിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് നഷ്ടപ്പെടുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ മൃദുലത. ചര്‍മ്മം വരളുന്നതിനനുസരിച്ച് മുഖത്തും കണ്‍തടങ്ങളിലേയും ഭംഗി താനേ നഷ്ടമാകാന്‍ തുടങ്ങും. നെറ്റിയിലും മുഖത്തും ചുളിവ് വീഴാനും ഇത് കാരണമാകും. മുഖം ഇടയ്ക്കിടെ കഴുകി ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തിയാല്‍ തന്നെ മുഖം കൂടുതല്‍ സുന്ദരമാകും. ഒലിവ് ഓയില്‍ ഉപയോഗിച്ച് മുഖം കഴുകുന്നതും മുഖക്കുരു പോലുളള പ്രശ്‌നങ്ങളെ പരമാവധി അകറ്റാന്‍ സഹായിക്കും.

ശരീര ഭാരം

ശരീരഭാരം നിയന്ത്രിക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടത്. വ്യത്യസ്തമാര്‍ന്ന യോഗ പരിശീലനത്തിലൂടെ മാത്രമേ ശരീരത്തിന്റെ വണ്ണം കുറച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളു. നിത്യേനയെന്നോണം യോഗ പരിശീലിക്കുന്നത് അസുഖം നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അനുയോജ്യമാണ്.

പുരുഷന്‍മാരെ അപേക്ഷിച്ച് പെട്ടെന്ന് പ്രായം കൂടിയവരായി തോന്നുക സ്ത്രീകളെയാണ്. ശരീരം പെട്ടെന്ന് വണ്ണം വെയ്ക്കുന്നു എന്നത് തന്നെയാണ് അവരെ അലട്ടുന്ന പ്രധാനപ്രശ്‌നം

ഭക്ഷണ നിയന്ത്രണം

കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രമേ യൗവ്വനം എന്നും കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. കാണുന്ന ഭക്ഷണമെല്ലാം വാരിവലിച്ച് കഴിക്കുന്ന ശീലം ഉപേക്ഷിച്ച് ശരീരം ആവശ്യപ്പെടുന്നവ മാത്രം തിരഞ്ഞെടുക്കുക. അതില്‍ തന്നെ പച്ചക്കറി, പഴവര്‍ഗങ്ങള്‍ക്ക് പ്രധാന്യം നല്‍കുക. മുട്ട, ഇറച്ചി, മീന്‍ എന്നിവ ഭക്്ഷണത്തിന്റെ ചെറിയൊരു ശതമാനം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കാല്‍സ്യത്തിന്റെ ഉപയോഗം

കാല്‍സ്യത്തിന്റെ അളവ് ഭക്ഷണത്തില്‍ പരമാവധി കൂട്ടി വേണം ഡയറ്റിന് രൂപം വരുത്താന്‍. ഓറഞ്ച് ജ്യൂസ്, പാല്‍ ഉത്പന്നങ്ങള്‍, വലിയ മത്സ്യങ്ങള്‍ എന്നിവയുടെ ചെറിയൊരംശമെങ്കിലും ശരീരത്തില്‍ ദിവസേന എത്തേണ്ടതുണ്ട്.

നിയന്ത്രിതമായ ആല്‍ക്കഹോളിക് ഉപയോഗം

ആല്‍ക്കഹോളിന്റെ ചെറിയൊരംശം ശരീരത്തില്‍ ചെല്ലുന്നത് ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും ആല്‍ക്കഹോള്‍ ഉത്തമമാണ്.

ഉറക്കം

നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. 7 മുതല്‍ 8 മണിക്കൂര്‍ വരെയാണ് ശരിക്കും ഒരു വ്യക്തി ഉറങ്ങേണ്ടത്. ആറ് മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങാത്ത ഒരാള്‍ക്ക് ആരോഗ്യപൂര്‍ണമായ ഒരു ശരീരം ഒരിക്കലും ലഭിക്കില്ല.

Advertisement