ബാഗ്ദാദ്: ഇറാക്കിലെ വിവിധ നഗരങ്ങളില്‍ തുടര്‍ച്ചയായുണ്ടായ സ്‌ഫോടനങ്ങളില്‍ 57 പേര്‍ മരിച്ചു. സ്‌ഫോടന പരമ്പരക്ക് തുടക്കമിട്ട് ദക്ഷിണ ഇറാക്കിലെ കുത് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 34 പേരാണ് മരിച്ചത്. 68 പേര്‍ക്ക് മാരകമായി പരിക്കേറ്റു. വഴിയരുകില്‍ നിന്ന് സ്‌ഫോടകവസ്തുവും കാര്‍ബോംബും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

നജഫ് നഗരത്തിലുണ്ടായ രണ്ട് സ്‌ഫോടനത്തിലായി 4 പേരാണ് മരിച്ചത്. ഇവിടെ 20ഓളം പേര്‍ക്ക് പരിക്കേറ്റതായി പേലീസ് പറഞ്ഞു. തലസ്ഥാനമായ ബാഗ്ദാദിന് തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന കര്‍ബാലയില്‍ കോടതിക്ക് മുമ്പിലായി നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഏഴ് പേരാണ് മരിച്ചത്.

തിക്രിട്ടില്‍ ഗവണ്‍മെന്റ് ഓഫീസിലേക്ക് ഓടിയെത്തിയ ആയുധദാരികളായ മൂന്ന പേരാണ് നാശം വിതച്ചത്. ആക്രമണത്തില്‍ മൂന്ന ഗവണ്‍മെന്റ് ജീവനക്കാരെയും മൂന്ന് പോലീസുകാരും മരിക്കുകയും നിരവധി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിര്‍കുക്ക്, ബാക്ക്ബാ, മോസുല്‍,റമഡി എന്നീ നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഒന്‍പത് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.  സ്‌ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം ഗവണ്‍മെന്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.