തിരുവനന്തപുരം:’പൂച്ചയ്‌ക്കൊരു മൂക്കുത്തി’യിലെ ഗാനങ്ങളുമായി മലയാളികള്‍ക്കുമുന്നില്‍ തന്റെ സ്വരസാന്നിധ്യമറിയിച്ച മലയാളത്തിന്റെ സ്വന്തം ശ്രീക്കുട്ടന്‍ 53 ാം വയസ്സിലേക്ക്.

താളവട്ടത്തിലെ ‘പൊന്‍വീണേ’ എന്ന ഗാനമാണ് എം.ജി ശ്രീകുമാറിന് ആസ്വാദകരുടെ ഇടയില്‍ ഇടംനേടിക്കൊടുത്തത്. 1989 ല്‍ പുറത്തിറങ്ങിയ കിരീടത്തിലെ ‘കണ്ണീര്‍പൂവി’ന്റെ എന്ന ഗാനം അദ്ദേഹത്തിന് മികച്ച ഗായകനുള്ള ആദ്യ സംസ്ഥാനബഹുമതി നേടിക്കൊടുത്തു. ഹിസ് ഹൈനസ് അബ്ദുളളയിലെ ‘നാദരൂപിണി’ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുളള ആദ്യത്തെ ദേശീയ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി. പത്തുവര്‍ഷത്തിനുശേഷം 1999 ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ‘ചാന്തുപൊട്ടും’ എന്ന ഗാനത്തിലൂടെ ദേശീയ അവാര്‍ഡ് അദ്ദേഹത്തെ വീണ്ടും തേടിയെത്തി. 1991, 92 വര്‍ഷങ്ങളിലെ സംസ്ഥാന അവാര്‍ഡും ഇദ്ദേഹത്തിനായിരുന്നു.

സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നുതന്നെയാണ് അദ്ദേഹം സംഗീതലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.സംഗീതസംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെയും ഗായിക ഓമനക്കുട്ടിയുടെയും സഹോദരനാണ് എം.ജി ശ്രീകുമാര്‍.

1984 ല്‍ മലയാളികള്‍ക്കുമുന്നില്‍ പാടിയ ശ്രീകുമാര്‍ തമിഴ്, കന്നട,തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റെ കഴിവു തെളിയിച്ചു. സ്റ്റേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ശ്രീകുമാര്‍ സഹോദരനൊപ്പം കച്ചേരികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

2002 ല്‍ ചതുരംഗം എന്ന ചിത്രത്തിനു സംഗീതംനിര്‍വഹിക്കുകവഴി സംഗീതസംവിധാനലോകത്തേക്കും അദ്ദേഹം ചുവടുവെച്ചു.

ഏഷ്യാനെറ്റിലെ സരിഗമ എന്ന സംഗീതപരിപാടിയുടെ അവതാരകനായ ശ്രീകുമാര്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ്.