Administrator
Administrator
ഇന്ത്യയില്‍ അഴിമതി വളര്‍ത്തുന്നത്‌ യുവാക്കള്‍
Administrator
Monday 2nd May 2011 12:48pm

bribe and youthന്യൂദല്‍ഹി: അടുത്തിടെ അഴിമതി തടയുന്ന നിയമത്തിനുവേണ്ടി ഇന്ത്യയില്‍ ഒരു ജനമുന്നേറ്റം നടന്നു. സമര പരപാടികള്‍ക്ക് നേതൃത്വം നല്‍കിയ അണ്ണ ഹസാരെയ്ക്കു പിന്നില്‍ ആയിരക്കണക്കിന് യുവാക്കളാണ് അണിനിരന്നത്. സത്യത്തില്‍ ഇവരെല്ലാം അഴിമതിയെ എതിര്‍ത്തിരുന്നോ?

രാജ്യത്ത് വ്യാപകമാകുന്ന അഴിമതിയുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കിടയില്‍ എം.ടി.വി ഒരു സര്‍വ്വേ നടത്തുകയുണ്ടായി. പറയുന്നതല്ല ഇന്ത്യന്‍ യുവത്വം പ്രവര്‍ത്തിക്കുന്നത് എന്നാണ് ഈ പഠനത്തിലൂടെ മനസിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം.

അഴിമതിക്കെതിരെ ഇവര്‍ വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ തന്നെയാണ് അഴിമതിക്കാരെ വളര്‍ത്തുന്നത്. ആവശ്യങ്ങള്‍ എളുപ്പം സാധിച്ചുകിട്ടാന്‍ എത്ര പണം ചിലവാക്കാനും യുവതക്ക് മടിയില്ലെന്നാണ് പഠനത്തില്‍ വ്യക്തമായത്.

18നും 25നും ഇടയില്‍ പ്രായമുള്ള വിവിധ പ്രദേശങ്ങളിലുള്ള 2400 യുവാക്കളിലാണ് ഈ സര്‍വ്വേ നടത്തിയത്. ഇതില്‍ 53% പേരും പറഞ്ഞത് കൈക്കൂലി കൊടുക്കാന്‍ തയ്യാറാണെന്നാണ്. 39% കൈക്കൂലി വാങ്ങുന്നതിനെ ന്യായീകരിക്കുകയും ചെയ്തു.

ഞെട്ടിക്കുന്ന വിവരം മറ്റൊന്നാണ്. ഇന്ത്യന്‍ യുവാക്കളില്‍ 47% വും കാര്യം സാധിക്കുന്നതിനുവേണ്ടി കൂട്ടിക്കൊടുക്കാന്‍ പോലും മടിയില്ലാത്തവരാണ്.

ഇന്നത്തെകാലത്ത് എല്ലാവരും നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയ എം.ടി.വി ഹെഡ് ആദിത്യ സ്വാമി പറഞ്ഞു. അത്യാഗ്രഹവും അഴിമതിയും വളര്‍ത്തുന്നത് ജനങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ മാതാപിതാക്കള്‍ സമ്പാദിച്ചതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കണമെന്നാണ് 90% യുവാക്കളുടെ ആഗ്രഹം. അതിനുവേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നു. പണം അധികാരം നല്‍കുന്നു എന്നാണ് 85% പേരും അഭിപ്രായപ്പെട്ടത്.

പണത്തിനുവേണ്ടി എളുപ്പവഴികള്‍ അന്വേഷിക്കുകയാണ് ഇന്ത്യന്‍ യുവാക്കളില്‍ മിക്കവരുമെന്നാണ് പഠനത്തില്‍ നിന്നും മനസിലായത്.

Advertisement