എഡിറ്റര്‍
എഡിറ്റര്‍
ആഡംബര ഡീസല്‍ കാറുകള്‍ക്ക് 50,000 രൂപ വരെ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
എഡിറ്റര്‍
Tuesday 27th November 2012 2:13pm

ന്യൂദല്‍ഹി: ആഡംബര ഡീസല്‍ വാഹനങ്ങള്‍ക്ക് 50,000 രൂപ വരെ വാര്‍ഷിക നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. നികുതി ഏര്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം സമര്‍പ്പിച്ചതായി ഇന്റഗ്രേറ്റഡ് റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് മേധാവിയും മുന്‍ ആസൂത്രണ കമീഷന്‍ അംഗവുമായ കിരിത് പരീഖ് അറിയിച്ചു.

Ads By Google

ഇന്ധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഭാരം കുറക്കാനാണ് ഈ തീരുമാനം. സാധാരണ ഡീസല്‍ കാറുകള്‍ക്ക് 10,000 മുതല്‍ 20,000 രൂപ വരെയും ആഡംബര കാറുകള്‍ക്ക് 50,000 രൂപ വരെയും വാര്‍ഷിക നികുതി ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്.

ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയണമെന്നും ഒരു ലിറ്റര്‍ ഡീസലിന് നല്‍കുന്ന സബ്‌സിഡി ഒമ്പതുരൂപയായി വെട്ടിച്ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നികുതി ഈടാക്കല്‍ ഒറ്റത്തവണക്ക് പകരം വാര്‍ഷികാടിസ്ഥാനത്തിലാക്കണമെന്നും പരീഖ് പറഞ്ഞു.

അതേസമയം, കൂടുതല്‍ നികുതിഭാരം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മോട്ടോര്‍ വാഹന നിര്‍മാണ മേഖല രംഗത്തെത്തി. നിലവില്‍ വാഹനങ്ങളുടെ വില്‍പന വിലയില്‍ 45 ശതമാനവും നികുതിയാണെന്നും കൂടുതല്‍ നികുതി അടിച്ചേല്‍പിക്കുന്നത് വാഹന നിര്‍മാണ മേഖലയെ സാരമായി ബാധിക്കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ പ്രതികരിച്ചു.

അതേസമയം, പെട്രോളില്‍ ഓടുന്ന ആഡംബര വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം.

Advertisement