എഡിറ്റര്‍
എഡിറ്റര്‍
അരലക്ഷം ആദിവാസി-ദളിത് കുടുംബങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു
എഡിറ്റര്‍
Monday 17th March 2014 10:22am

adivasi-2

കണ്ണൂര്‍: ഭൂരഹിതര്‍ക്ക് നല്‍കാമെന്നേറ്റ ഭൂമി നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഒമ്പത് ജില്ലകളിലായി അരലക്ഷം ആദിവാസി-ദളിത് കുടുംബങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല.

ആദിവാസി-ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിലാണ് ഒമ്പത് ജില്ലകളിലും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യം വിശദീകരിക്കാന്‍ ഈ മാസം 27  മുതല്‍ ഭൂസമര ക്യാമ്പയില്‍ സംഘടിപ്പിക്കുവാനും ആദിവാസി- ദളിത് മുന്നേറ്റ സമിതി തീരുമാനിച്ചിട്ടുണ്ട്.

അരിപ്പ ഭൂസമരം കൃഷിഭൂമി നല്‍കി പരിഹരിക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമി ഏറ്റെടുത്ത് പട്ടികജാതി പട്ടിക വര്‍ഗ ഭൂരഹിതര്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങളും ക്യാമ്പയിനില്‍ ഉന്നയിക്കും.

വോട്ടു ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രചാരണം 27ന് പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുമാണ് ആരംഭിയ്ക്കുക. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും പ്രചരണം നടത്തുക.

ഒമ്പത് ജില്ലകളിലായി അമ്പതിനായിരം ആദിവാസി-ദളിത് കുടുംബങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

ഭൂപരിഷ്‌കരണ കരട് ബില്ലില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഭൂരഹിതര്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആദിവാസി-ദളിത് സംഘടനാ നേതൃത്വം പറഞ്ഞു.

മാറി വരുന്ന സര്‍ക്കാരുകള്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് ഭൂരഹിതരെ പറ്റിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ പല മണ്ഡലങ്ങളിലും ആദിവാസി- ദളിത് വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ഇവിടങ്ങളിലുള്ള ആദിവാസി-ദളിത് കുടുംബങ്ങള്‍ വോട്ടു ബഹിഷ്‌കരിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളുടെ വിജയ പരാജയ സാധ്യതകളും അട്ടിമറിക്കപ്പെടും.

നേരത്തേ ഇടുക്കിയില്‍ ആദിവാസി ഭൂമി അവകാശ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ ആദിവാസികള്‍ നിഷേധവോട്ട് ചെയ്യുമെന്നറിയിച്ചിരുന്നു.

Advertisement