കാബൂള്‍: കാണ്ഡഹാര്‍ ജയിലില്‍നിന്നും 500 ഓളം തടവുപുള്ളികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മിലിറ്റന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനിലെ അംഗങ്ങളാണ് ജയില്‍ചാടിയത്.

നൂറുമീറ്ററോളം നീളത്തിലുള്ള തുരങ്കം കുഴിച്ചാണ് 476 രാഷ്ട്രീയതടവുകാര്‍ രക്ഷപ്പെട്ടതെന്ന് ജയില്‍ ഡി.ജി ഗുലാം ദസ്തഗീര്‍ മായര്‍ പറഞ്ഞു. കാണ്ഡഹാര്‍ പോലീസ് ചീഫ് ഷേര്‍ഷാ യൂസുഫലി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നുവര്‍ഷത്തിനിടെ ഇതു രണ്ടാംതവണയാണ് തടവുപുള്ളികള്‍ കാണ്ഡഹാര്‍ ജയില്‍ചാടുന്നത്.
അഫ്ഗാനിസ്ഥാനിലെ ക്രമസമാധാനനില ഇപ്പോഴും ശാന്തമായിട്ടില്ല. സുരക്ഷാക്രമീകരണത്തിനിടെ 10 ദിവസംമുമ്പ് കാണ്ഡഹാര്‍ പോലിസ് ചീഫ് കൊല്ലപ്പെട്ടിരുന്നു.

ഏകദേശം 130000 ഓളം അന്താരാഷ്ട്ര മിലിറ്ററി യൂണിറ്റുകളാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും അമേരിക്കയില്‍നിന്നുള്ളവരാണ്.