കറാച്ചി:  നിര്‍ബന്ധിത സൈനിക സേവനത്തിന് കൊണ്ടുപോയ 50ഓളം കുട്ടികളെ പാക്കിസ്ഥാനി പോലീസ് മോചിപ്പിച്ചു. കറാച്ചിയിലെ മദ്രസയില്‍ റെയ്ഡിനിടയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട നിലയിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

തീവ്രവാദ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനാണ് കുട്ടികളെ തടവിലാക്കിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കറാച്ചിയിലെ സൊഹ്‌റാബ് ഗോത്ത് എന്ന സ്ഥലത്തുനിന്നാണ് കുട്ടികളെ മോചിപ്പിച്ചത്.

സിന്ദിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മദ്രസ നടത്തിപ്പുകാരന്‍ ക്വാഷി ഉസ്മാനെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഈ മദ്രസക്ക് തെഹ്‌രീക് ഇ താലിബാനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കാര്യം പരിശോധിക്കണമെന്ന് പാക്ക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മദ്രസ അധികൃതര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തങ്ങളെ ചങ്ങലക്കിട്ട് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടികളിലൊരാള്‍ പോലീസിനോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്യാന്‍ പരിശീലനം നല്‍കുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ചില താലിബാന്‍ അംഗങ്ങള്‍ മദ്രസ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തതായും കുട്ടി അറിയിച്ചു.

Malayalam news

Kerala news in English