എഡിറ്റര്‍
എഡിറ്റര്‍
ഭഗവത്ഗീത പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അഞ്ചുവയസുകാരിയായ മുസ്‌ലീം ബാലിക
എഡിറ്റര്‍
Friday 17th March 2017 12:15pm

ഭുഭനേശ്വര്‍: ഭഗവത്ഗീതാ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഞ്ചുവയസുകാരി മുസ്‌ലീം ബാലിക. ഭഗവത് ഗീതാ പാരായണ മത്സരത്തില്‍ തന്നേക്കാള്‍ മുതിര്‍ന്ന മത്സരാര്‍ത്ഥികളെ ഏറെ പിന്നിലാക്കിക്കൊണ്ടായിരുന്നു ഫിര്‍ദൗസിന്റെ വിജയം.

സൊവാനിയ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫിര്‍ദൗസ്. 5 മുതല്‍ 14 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായായിരുന്നു ഭഗവത് ഗീതാ പാരായണമത്സരം സംഘടിപ്പിച്ചത്.

ഏറെ ഹൃദ്യമായിരുന്നു ഫിര്‍ദൗസിന്റെ പാരായണമെന്ന് വിധികര്‍ത്താവായ ബിരാജ കുമാര്‍ പറയുന്നു. മറ്റ് മത്സരാര്‍ത്ഥികളെ ഏറെ പിന്നിലാക്കിക്കൊണ്ടായിരുന്നു ഫിര്‍ദൗസിന്റെ പ്രകടനം.

അക്ഷരസ്ഫുടതയോടെ ഒരിടത്തുപോലും പിഴവുസംഭിക്കാതെയായിരുന്നു പാരായണം. 100ല്‍ 90 മാര്‍ക്ക് ഞങ്ങള്‍ അവള്‍ക്ക് നല്‍കി- മറ്റൊരു വിധികര്‍ത്താവായ അക്ഷിയാന പാനി പറയുന്നു.

ലോകത്തെ സകലമനുഷ്യരേയും ഒരുകുടുംബാംഗമായി കാണാനാണ് തങ്ങളുടെ അധ്യാപകര്‍ പഠിപ്പിച്ചതെന്നും ഫിര്‍ദൗസ് പറയുന്നു.


Dont Miss ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പിതാവിനു മുമ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തു 


അമ്മയെന്ന നിലയില്‍ അഭിമാനിക്കുന്നതായും ഹൈന്ദവ മതഗ്രന്ഥമായ ഗീത പാരായണ മത്സരത്തില്‍ മകള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഫിര്‍ദൗസിന്റെ ഉമ്മ ആരിഫാ ബീവി പറയുന്നു.

സ്‌കൂളിലെ അധ്യാപകര്‍ക്കാണ് മകളുടെ വിജയത്തിന്റെ എല്ലാ ക്രഡിറ്റും നല്‍കുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെടുന്നവരും താമസിക്കുന്നുണ്ട്. ഓരോരുത്തരും അവരുടെ അയല്‍ക്കാരെ സ്വന്തം സഹോദരങ്ങളാണ് കാണുന്നത്. അത്തരമൊരു സാമൂഹിക സഹവര്‍ത്തിത്വം കുട്ടികളിലേക്ക് പകര്‍ന്നുനല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വ്യത്യസ്ത മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരാണെങ്കില്‍ പോലും ഈ ലോകത്തെ എല്ലാമനുഷ്യരുടേയും രക്തം ഒന്ന് തന്നെയാണെന്നാണ് മക്കളെ പഠിപ്പിക്കാറുള്ളത്. – ആരിഫ ബീവി പറയുന്നു.

കലാരംഗത്ത് മാത്രമല്ല പഠനത്തിലും ഏറെ മികവ് പുലര്‍ത്തുന്ന കുട്ടിയാണ് ഫിര്‍ദൗസ് എന്ന് സ്‌കൂള് ഹെഡ്മിസ്ട്രസ് ഊര്‍മ്മിള ഖര്‍ പറഞ്ഞു.
ഈ വിദ്യാലയത്തില്‍ ഹിന്ദുക്കളും മുസ്‌ലീങ്ങളും പഠിക്കുന്നുണ്ട്. പാഠപുസ്തകത്തില്‍ പറയുന്ന പഠന രീതിക്കപ്പുറം സ്‌നേഹത്തെ കുറിച്ചും സാഹോദരത്തെ കുറിച്ചും മതേതര്വത്തെ കുറിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതെന്നും ഹെഡ്മിസ്ട്രസ്പറയുന്നു.

Advertisement