ജൂലിയാസ: തെക്കുകിഴക്കന്‍ പെറുവില്‍ ഖനനത്തിനെതിരായി നടത്തിയ പ്രതിഷേധത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1000 ത്തോളംവരുന്ന അയ്മാരാ വിഭാഗത്തില്‍പെട്ട ഇന്ത്യന്‍ കര്‍ഷകരാണ് ജൂലിയാസയിലെ ഇന്‍കാ മന്‍കാ കപാക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രതിഷേധവുമായി എത്തിയത്.

പോലീസ് വെടിവെയ്പില്‍ മരണപ്പെട്ട അഞ്ചുപേരിലൊരാള്‍ സ്ത്രീയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കൂടുതല്‍ പേര്‍ക്കും വെടിയേറ്റ പരിക്കാണുള്ളതെന്ന് ജൂലിയാസ ആശുപത്രിയിലെ ഡോക്ടര്‍ പെര്‍സി കസപെരാല്‍റ്റ പറഞ്ഞു. ഇത് രണ്ടാംതവണയാണ് പ്രക്ഷോഭകാരികള്‍ എയര്‍പോര്‍ട്ടില്‍ പ്രതിഷേധവുമായി വരുന്നതെന്ന് ആഭ്യന്തരമന്ത്രി മിഗേല്‍ ഹിദാല്‍ഗോ അറിയിച്ചു. മാത്രമല്ല മുമ്പ് ഇവര്‍ അസന്‍ഗാരോ സിറ്റിയ്ക്കടുത്തുള്ള ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും കസ്റ്റംസ് ഓഫീസ് തീവെയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നതായും മന്ത്രി വ്യക്തമാക്കി.

ഖനനത്തിനെതിരായുള്ള സമരത്തിന് നേതൃത്വം നല്‍കുന്നത് അയ്മാരാ വിഭാഗത്തില്‍പെട്ട കര്‍ഷകരാണ്. പെറുവിലെ ചേരിപ്രദേശമായ പുനോയിലെ ഖനനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.