ന്യൂദല്‍ഹി : ദി ഹിന്ദു ദിനപത്രത്തിനെതിരെ അഞ്ചു കോടിയുടെ നോട്ടീസ്. ഭട്കര്‍ സ്വദേശി മുഹമ്മദ് സറാര്‍ സിദ്ദി ബാപയാണ് നോട്ടീസ് അയച്ചത്. ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ എന്നാരോപിച്ചതിന്റെ പേരിലാണ് സറാര്‍ സിദ്ദി ബാപ ദിനപത്രത്തിനെതിരെ അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് നോട്ടീസയച്ചത്.

ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധം ആരോപിച്ച് വാര്‍ത്ത നല്‍കിയ ലേഖകന്‍ പ്രവീണ്‍ സ്വാമിക്കും എഡിറ്റര്‍ ഇന്‍ ചീഫ് എന്‍.റാമിനെതിരെയുമാണ് നോട്ടീസ് അയച്ചത്. ഈ വിവരം തെഹല്‍ക്ക മാഗസിനാണ് പുറത്തുവിട്ടത്.

Subscribe Us:

മുഹമ്മദ് സറാര്‍ ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡറാണെന്നും വിവിധ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെ പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും വാര്‍ത്തയില്‍ എഴുതിയിരുന്നു.

‘2010 ആക്രമണങ്ങളിലെ അന്വേഷണ പുരോഗതി പുതിയ ജിഹാദിസ്റ്റ് കാമ്പയിനെ കുറിച്ചുള്ള ഭയമുയര്‍ത്തുന്നു” എന്ന തലക്കെട്ടില്‍ ഈ മാസം ഒന്നാം തിയ്യതിയാണ് ലേഖനം പ്രസിദ്ധീകരിച്ചത്.  മുന്‍ പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നും നോട്ടീസില്‍ ഉണ്ട്.

മുംബൈയിലെ ബിസിനസുകാരനായ താന്‍ എതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ കണ്ണിയല്ലെന്നും യാസീന്‍ എന്ന പേരില്‍ തന്റെ കുടുംബത്തില്‍ ആരുമില്ലെന്നും മുഹമ്മദ് സറാര്‍ പറഞ്ഞു. ഈ വാര്‍ത്ത തനിയ്ക്ക് കടുത്ത മാനസികാഘാതം വരുത്തിയെന്നും നഷ്ടപരിഹാരമായി അഞ്ചുകോടി വേണമെന്നുമാണ് ആവശ്യം.

Malayalam News

Kerala News In English