കുമളി:പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി വധിച്ചശേഷം ജഡം മരപ്പൊത്തിലൊളിപ്പിച്ച കേസില്‍ 13 കാരനെ കസ്റ്റഡിയിലെടുത്തു. മരിച്ച പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണിയാള്‍.

ശാസ്താനടയിലെ ഏലത്തോട്ടത്തിലെ മരപ്പൊത്തില്‍ ജൂണ്‍ 1നാണ് നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുമിളി കട്ടപ്പന റോഡിലാണ് ഈ എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ആനവിലാസം സ്വദേശിയായ ശശികുമാറിന്റെ മകള്‍ ശ്രീജയാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, അച്ഛനമ്മമാര്‍ ജോലിക്കുപോയപ്പോള്‍ ശ്രീജ മാത്രമാണ് ലയത്തിലുണ്ടായിരുന്നത്. ലയത്തില്‍ ഒറ്റയ്ക്കായിരുന്ന ശ്രീജയെ അയല്‍വാസിയായ പ്രതി അനുനയിപ്പിച്ച് കാട്ടിലെത്തിച്ച് അവിടെ വച്ച് ബലാത്സംഗത്തിനിരയാക്കി. പിന്നീട് പെണ്‍കുട്ടി മരിച്ചെന്ന് മനസിലാക്കിയ പ്രതി മൃതദേഹം മരപ്പൊത്തിലൊളിപ്പിച്ചു. അതിനുശേഷം വീടിനടുത്തുള്ള മറ്റ് മൂന്നുപേരെയും വിളിച്ച് ആ പ്രദേശത്ത് കൊണ്ടുപോയി കളിച്ചു. കളിക്കുന്നതിനിടയില്‍ മറ്റ് കുട്ടികള്‍ മൃതദേഹം കാണുകയും ആളുകളെ അറിയിക്കുകയുമായിരുന്നു.

വീട്ടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലപ്പെട്ട നിലയിലായിരുന്നു. പ്രതിയെക്കുറിച്ച് പോലീസിന്‌  നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സംഭവത്തില്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.