Categories

തെലുങ്കാന: ആന്ധ്രയില്‍ എം.എല്‍.എമാരുടെ കൂട്ടരാജി

ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവല്‍ക്കരിക്കുന്നത് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച്് ആന്ധ്രപ്രദേശ് നിയമസഭയില്‍ എം.എല്‍.എമാരുടെ കൂട്ടരാജി. തെലുങ്കാന മേഖലയില്‍നിന്നുള്ള 37 തെലുങ്കുദേശം എം.എല്‍.എമാരാണ് രാജിവെച്ചത്. ഞായറാഴ്ച നാല് ടി.ഡി.പി. എം.എല്‍.എ.മാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. തൊട്ടു പിന്നാലെ ഇന്ന് തെലുങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ അഞ്ച്‌ നിയമസഭാംഗങ്ങളും രാജി നല്‍കി. ആന്ധ്ര ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് ഇവര്‍ രാജിക്കത്ത് കൈമാറിയത്.

തെലുങ്കാനയില്‍ നിന്നുള്ള മന്ത്രിമാരും രാജിക്കൊരുങ്ങുകയാണ്. മന്ത്രിമാര്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറില്‍നിന്ന് തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ രാജിതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് തെലുങ്കാന നേതാക്കള്‍ വ്യക്തമാക്കി. ടി.ഡി.പി. എം.എല്‍.എ. മാരായ ജനാര്‍ദന്റെഡ്ഡി, കെ. ഹരീശ്വര്‍റെഡ്ഡി, എസ്.വേണുഗോപാലാചാരി, ജോഗു രാമണ്ണ എന്നിവരാണ് ഞായറാഴ്ച രാജിവെച്ചത്.

കോണ്‍ഗ്രസ്സിനും തെലുങ്കുദേശത്തിനും പുറമെ തെലുങ്കാനയില്‍നിന്നുള്ള ബി.ജെ.പി., സി.പി.ഐ., ടി.ആര്‍.എസ്. അംഗങ്ങളും കൂട്ടരാജിക്കൊരുങ്ങുകയാണ്.

എട്ട് കോണ്‍ഗ്രസ് എം.പിമാര്‍ ഡല്‍ഹിയില്‍ രാജിക്കൊരുങ്ങി. പക്ഷേ കൃത്യസമയത്ത് എത്തിച്ചേരാത്തതിനാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കാനായില്ല. സ്പീക്കര്‍ മീരകുമാര്‍ കാണാന്‍ അനുവദിച്ച സമയത്ത് എം.പിമാര്‍ക്ക് ഹാജരാകാന്‍ പറ്റിയില്ല. എന്നാല്‍ രാജിതീരുമാനത്തില്‍ മാറ്റമില്ലെന്ന് എം.പിമാര്‍ അറിയിച്ചുണ്ട്.

രാജിവെച്ച അംഗങ്ങളോട് തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.