ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറില്‍ നഗരഹൃദയത്തിലെ ദാദ ദര്‍ബാര്‍ മഖാമിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 175ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

മഖമില്‍ ഏറ്റവും തിരക്കുള്ള വ്യാഴാഴ്ച രാത്രി ആക്രമണ സമയത്ത് ആയിരത്തോളം വിശ്വാസികളുണ്ടായിരുന്നു. രാത്രി 10:45നായിരുന്നു ആദ്യ ആക്രമണമെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് മിനുറ്റിനകം തന്നെ അടുത്ത സ്‌ഫോടനങ്ങളുമുണ്ടായി. സ്‌ഫോടനത്തില്‍ മഖമിന്റെ വിവിധ ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

മഖാമിന്റെ പ്രവേശനകവാടത്തിലാണ് ആദ്യ ചാവേര്‍ സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ മഖാമിന്റെ ഭൂഗര്‍ഭ ഹാളില്‍ രണ്ടാമത്തെ ചാവേര്‍ ആക്രമണവുമുണ്ടായി. മഖാമിനരികിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് അടുത്ത സ്‌ഫോടനമുണ്ടായത്. ചാവേറുകള്‍ 20 കിലോഗ്രാം സ്‌ഫോടക വസ്തുവാണ് ശരീരത്തില്‍ വഹിച്ചിരുന്നതെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാന്‍ അനുകൂല തീവ്രവാദികളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് കരുതുന്നതായി പാക് അധികൃതര്‍ പറഞ്ഞു.

നഗരത്തിന്റെ അധിപന്‍ എന്നു വിശ്വസികള്‍ കരുതുന്ന സഈദ് അബുല്‍ ഹസ്സന്‍ബിന്‍ ഉസ്മാന്‍ബിന്‍ അലി ഹജ് അജ്‌വേരിയുടെ മഖമാണ് ദാദ ദര്‍ബാര്‍. മഖാം സന്ദര്‍ശിക്കുന്നതിനെതിരെ താലിബാന്‍ അനുകൂല ത്രീവ്രവാദികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.