എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Tuesday 6th June 2017 4:59pm

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ടുകര്‍ഷകര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കനയ്യലാല്‍ പടിതാര്‍, ബാന്‍ഷി പടിതാര്‍ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഉല്പന്നങ്ങളുടെ സംഭരണ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കുനേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങളുടെ വില ഉയര്‍ത്തണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, യു.പി സംസ്ഥാനങ്ങളിലേതു പോലെ കൂടുതല്‍ ലോണുകള്‍ നല്‍കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പലയിടത്തും പ്രതിഷേധം അക്രമാസക്തമാവുകയും വാഹനങ്ങളും കടകളും തീവെയ്ക്കുകയും കൊള്ളയടിക്കുകയും ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വെടിവെപ്പെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, വെടിവെപ്പിനു പിന്നില്‍ പൊലീസ് അല്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറയുന്നത്.

‘ പൊലീസിന്റെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.’ എന്നാണ് അദ്ദേഹം എന്‍.ഡി.ടി.വിയോടു പറഞ്ഞത്.

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മന്ദ്‌സൗര്‍, പിപ്ലിയ മണ്ഡി മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.


Must Read: മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി കിട്ടില്ലെന്നു പറയുന്ന സംഘികള്‍ അറിയാന്‍: ബി.ജെ.പി നേതാവ് ശ്രീപ്രകാശന്‍ മലപ്പുറത്ത് ഭൂമിവാങ്ങിക്കൂട്ടിയതിന്റെ കണക്കുകള്‍ ഇതാ 


പലയിടത്തും കര്‍ഷക സമരം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ബദ്‌നാവാറില്‍ കര്‍ഷകര്‍ 12,000ലിറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധിച്ചു. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ പാല്‍-പച്ചക്കറി ക്ഷാമം രൂക്ഷമാണ്.

Advertisement