എഡിറ്റര്‍
എഡിറ്റര്‍
ശിരോവസ്ത്ര വിലക്കിനെ കാറ്റില്‍ പറത്തി തുര്‍ക്കിയില്‍ വനിത എം.പി മാര്‍
എഡിറ്റര്‍
Saturday 2nd November 2013 12:40am

turkey1

അങ്കാറ: തുര്‍ക്കിയില്‍ 93 വര്‍ഷത്തെ വിലക്ക് ഭേദിച്ച് നാല് വനിതാ അംഗങ്ങള്‍ ശിരോവസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ എത്തി.

പ്രധാനമന്ത്രി റജബ് ത്വയിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ പാര്‍ട്ടി അംഗങ്ങളായ നാല് വനിതാ സാമാജികരാണ് ശിരോവസ്ത്രം ധരിച്ചെത്തിയത്.

1920 മുതല്‍ തുര്‍ക്കിയില്‍ ശിരോവസ്ത്ര വിലക്ക തുടരുന്നുണ്ട്.  എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ ഉര്‍ദുഗാന്റെ സര്‍ക്കാര്‍ പ്രസ്തുത വിലക്കിന് അയവേര്‍പ്പെടുത്തിയിരുന്നു.

പ്രോസിക്യൂട്ടര്‍മാര്‍, ന്യായാധിപന്‍മാര്‍,  സൈനിക സുരക്ഷാ ഉദ്യോഗസ്ഥര്‍, എന്നിവരൊഴിച്ച് മറ്റുള്ള വനിതകള്‍ക്ക് ശിരോവസ്ത്രം ധരിക്കാമെന്നായിരുന്നു ഉര്‍ദുഗാന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണം.

എന്നാല്‍ വിലക്ക് തുടരുന്ന അവസ്ഥയാണ് ഇപ്പോഴും തുര്‍ക്കിയില്‍.

1999 ല്‍ ശിരോവസ്ത്രം ധരിച്ച് വനിതാ എം.പി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ബുലന്ദ് എസിവിത് അടക്കമുള്ളവര്‍ അവരെ കുറ്റപ്പെടുത്തിയിരുന്നു.

ശിരോവസ്ത്രം ധരിച്ചുവെന്നതിന്റെ പേരില്‍ അവര്‍ക്ക് അന്ന് സഭയില്‍ നിന്ന പുറത്ത് പോകേണ്ടി വരികയും ചെയ്തു.

മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് തുര്‍ക്കിയുടെ മതേതരപാരമ്പര്യം തകര്‍ക്കുമെന്ന് കാരണത്താലാണ് തല മറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം ശിരോവസ്ത്രം ധരിച്ചെത്തിയ ഗോനുല്‍ ബകീന്‍ സകുലുബി താന്‍ ഇനി ശിരോവസ്ത്രം അഴിക്കില്ലെന്നാണ് പ്രതികരിച്ചത്.

എന്നാല്‍ രാജ്യത്തിന്റെ മതേതരപാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി എന്ന് മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍  പീപ്പിള്‍സ് പാര്‍ട്ടി ആരോപിച്ചു.

Advertisement