തിരുവനന്തപുരം:കാവല്‍ക്കാരനെ കൊലപ്പെടുത്തി ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.

തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ പളനി, രാജശേഖരന്‍, മലയാളികളായ പ്രമീസ്, ദീപക് രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തെളിവെടുപ്പിനായി ഗോവയിലേക്കു കൊണ്ടുപോകും. സംഘത്തിന് വ്യാജ സിംകാര്‍ഡ് നല്‍കിയ മൂന്ന് മലയാളികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരം കിളിമാനൂര്‍ കല്ലറയിലെ ജസീന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കാവല്‍ക്കാരനെ തലയ്ക്കടിച്ചു കൊന്നതിനുശേഷം കവര്‍ച്ച നടത്തുകയായിരുന്നു.ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തി തുരന്നാണ് ഇവര്‍ മൂന്നുലക്ഷം രൂപയും ഒന്നരക്കിലോ സ്വര്‍ണ്ണവും മോഷ്ടിച്ചത്.

കേസിലെ മുഖ്യപ്രതി ശശികുമാറിനെ കഴിഞ്ഞ ദിവസം ഗോവയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.