എഡിറ്റര്‍
എഡിറ്റര്‍
ത്രിജി പരാജയപ്പെട്ടെന്ന് കപില്‍ സിബല്‍
എഡിറ്റര്‍
Wednesday 11th April 2012 3:01pm

കൊല്‍ക്കത്ത: രാജ്യത്ത് 3 ജി മൊബൈല്‍ സേവനം പരാജയപ്പെട്ടുവെന്ന് കേന്ദ്ര വാര്‍ത്താവിനിമയ, ഐടി മന്ത്രി കപില്‍ സിബല്‍. 3 ജി ബാന്‍ഡ്‌വിഡ്ത്ത് ലഭിക്കാനായി ടെലികോം കമ്പനികള്‍ കോടികള്‍ മുടക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടത്ര പണമില്ലാതെ പ്രയാസപ്പെടുന്ന സ്ഥിതിയാണെന്ന് എയര്‍ടെല്ലിന്റെ 4 ജി എല്‍.ടി.ഇ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുവര്‍ഷം മുമ്പാണ് മുന്നാംതലമുറ അല്ലെങ്കില്‍ 3 ജി സര്‍വീസ് ആരംഭിച്ചത്. രാജ്യത്ത് 90 കോടി മൊബൈല്‍ ഉപഭോക്താക്കളാണുള്ളത്. എന്നാല്‍ ഇതില്‍ ഒരുകോടി ഉപയോക്താക്കള്‍മാത്രമാണ് 3 ഉപയോഗിക്കുന്നത്. 3 ജി സര്‍വീസിനെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ടെല്‍ ആവിഷ്‌കരിച്ചിരിക്കുന്ന 4 ജി അടിസ്ഥാനപരമായി ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ആക്‌സസിലുള്ളതാണ്. യഥാര്‍ഥ 4 ജി ലഭിക്കണമെങ്കില്‍ ബാന്‍ഡ്‌വിഡ്ത്ത് 700 മെഗാഹെട്‌സില്‍ വരണം. ഈ സാമ്പത്തികവര്‍ഷത്തോടെ ഇതു ലഭിക്കുമെന്നാണു കരുതുന്നതെന്നു മന്ത്രി അറിയിച്ചു.

സൈബര്‍ ആക്രമണങ്ങളെ തടയാന്‍ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. മേയില്‍ പുതിയ ടെലികോം നയവും ഐടി, ഇലക്‌ട്രോണിക്‌സ് നയങ്ങള്‍ ഈ മാസവും പ്രഖ്യാപിച്ചേക്കും.

Advertisement