കൂട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സംവിധാനരംഗത്ത് തുടക്കം കുറിച്ച ജയപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രിജി തേര്‍ഡ് ജനറേഷന്‍.

യുവത്വത്തിന്റെയും ആധുനിക സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ജോണ്‍, മേഹുല്‍, അരുണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നു യുവ പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഔദ്യോഗികരംഗത്തെ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Ads By Google

ത്രിജി ശൃംഘലയുടെ സഹായത്തോടെ നീതിയും ന്യായവും നടപ്പാക്കാന്‍ ശ്രമിക്കുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

ആദര്‍ശശാലികളായി എത്തുന്നവര്‍ക്ക് പലപ്പോഴും വലിയ വെല്ലുവിളികള്‍ നേരിടേണ്ട മേഖലയാണ് പോലീസ് ജോലി. ഇവിടെ അഴിമതിയ്‌ക്കെതിരെ
പ്രതികരിക്കുകയാണ് മനു, സുരേഷ്, ജോണ്‍ എന്നിവര്‍. ഇവരുടെ ഈ പോരാട്ടത്തിന്റെ കഥയാണ് ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.

വിദ്യാ ഉണ്ണിയാണ് നായികയായി എത്തുന്നത്. ഡോക്ടര്‍ ലൗ എന്ന ചിത്രത്തിനുശേഷം വിദ്യാ ഉണ്ണി നായികയാകുന്ന ചിത്രം കൂടിയാണിത്.

സായ്കുമാര്‍, ദേവന്‍, രാമു, ഇര്‍ഷാദ്, കലിംഗ ശശി, സുകുമാരി, അര്‍ച്ചന, കൃഷ്ണപ്രഭ എന്നിവരും പ്രശസ്ത നാടകകൃത്ത് പയ്യന്നൂര്‍ മുരളി, തമിഴ്‌നടന്‍ രവി മരിയ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജയപ്രകാശിന്റെ കഥയ്ക്ക് ബി. ബാലചന്ദ്രന്‍, ബിനോ മാത്യു എന്നിവര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. താരകരൂപിണി ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.പി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.