എഡിറ്റര്‍
എഡിറ്റര്‍
ശീതളപാനീയങ്ങള്‍ ഉണ്ടാക്കുന്നത് മലിനജലം ഉപയോഗിച്ച്; 388 വില്‍പനശാലകള്‍ പൂട്ടിച്ചു
എഡിറ്റര്‍
Saturday 15th March 2014 12:33am

cool-drinks

എറണാകുളം: ശീതളപാനീയ കടകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാനീയങ്ങള്‍ ഉണ്ടാക്കുന്നത് മലിനജലം ഉപയോഗിച്ചാണെന്ന് കണ്ടെത്തി.

ശരിയായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെതിനാല്‍ കൊച്ചിയില്‍ മാത്രം അധികൃതര്‍ 388 ശീതളപാനീയ വില്‍പനശാലകള്‍ പൂട്ടിച്ചു. കുലുക്കി സര്‍ബത്ത്, കരിമ്പിന്‍ ജ്യൂസ്, നിറംചേര്‍ത്ത വിവിധ പാനീയങ്ങള്‍, സംഭാരം എന്നിവയെല്ലാം മലിനജലവും മറ്റും ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.

ഇവിടെ വില്‍പന നടത്തുന്ന പാനീയങ്ങള്‍ മലിനജലം ഉപയോഗിച്ചുള്ളതായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന ഇവയില്‍ ഏറെയും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നടത്തുന്നത്.

കൊച്ചിയില്‍ ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദിന്റെ നേതൃത്വത്തില്‍ 20 സ്‌ക്വാഡുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.

തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലയിടത്തും പാനീയങ്ങള്‍ വില്‍പന നടത്തുന്നത്. കുലുക്കി സര്‍ബത്തിന് ഉപയോഗിക്കുന്ന ഐസ് മത്സ്യം ചീയാതിരിക്കാനായി ഉപയോഗിക്കുന്ന ഐസാണ്. മലിനജലം ഉപയോഗിച്ചാണ് സാധാരണ നിലയില്‍ ഇത്തരം ഐസ് ഉണ്ടാക്കുന്നത്.

കരിമ്പ് ജ്യൂസിന്റെ മെഷീന്‍ പലയിടത്തും തുരുമ്പുപിടിച്ചതാണ്. കരിമ്പ് കടത്തിവിടുന്ന ഭാഗത്ത് ചെളി പിടിച്ചിരിക്കുന്നതും പരിശോധനയില്‍ കണ്ടെത്തി. മലിനജലമാണ് പലയിടത്തും പാനീയത്തിനായി ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.

കടകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചതായും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വേനല്‍ കനക്കുന്നതോടെ പാനീയവില്‍പന വര്‍ധിക്കുമെന്നതിനാല്‍ മൂന്ന് മാസത്തേക്ക് ഇവ നിരോധിക്കണമെന്ന് ആരോഗ്യവകുപ്പ് കളക്ടറോട് ആവശ്യപ്പെടും.

അടുത്തയിടെ കുലുക്കി സര്‍ബത്ത് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ വഴിയോരത്ത് നിന്ന് കഴിച്ച 30 തീര്‍ഥാടകര്‍ക്ക് ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.

Advertisement