എഡിറ്റര്‍
എഡിറ്റര്‍
ചേരി നിവാസികളായ 350 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറി ആം ആദ്മി സര്‍ക്കാര്‍: ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്‌നമെന്ന് നിവാസികള്‍
എഡിറ്റര്‍
Tuesday 7th February 2017 2:23pm

 

sisodia1

ന്യൂദല്‍ഹി: വീടില്ലാതെ ചേരിയില്‍ കഴിയുന്ന 350 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കി ആം ആദ്മി സര്‍ക്കാര്‍. ഒരിക്കലും നടക്കില്ലെന്ന് തങ്ങള്‍ കരുതിയ ഒരു സ്വപ്‌നമാണ് ഇന്നലെ പൂവണിഞ്ഞതെന്ന് ഫ്‌ളാറ്റ് ലഭിച്ച തെരുവ് നിവാസികള്‍ പറയുന്നു.

ഈസ്റ്റ് ദല്‍ഹിയിലെ നെഹ്‌റു ക്യാമ്പില്‍ ഏറെ വര്‍ഷങ്ങളായി താമസിക്കുന്ന 350 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം വീട് ലഭിച്ചിരിക്കുന്നത്.

വെസ്റ്റേണ്‍ ദല്‍ഹിയിലെ 16 ബി ദ്വാരകയിലാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. ഫ്‌ളാറ്റുകള്‍ താമസയോഗ്യമായെന്നും എത്രയും പെട്ടെന്ന് അത് കൈമാറുമെന്നും കാണിച്ചുകൊണ്ടുള്ള ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കത്ത് ലഭിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ഇവര്‍ പറയുന്നു. ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡാണ് ഫ്‌ളാറ്റിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയത്.

ഇത് ഒരിക്കലും സാധ്യമാകുമെന്ന് കരുതിയല്ല. താമസിക്കാന്‍ ഒരിടമില്ലാതെ വര്‍ഷങ്ങളോളം ഹൈവേയില്‍ ചെറിയ കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ ചെറിയ സമ്പാദ്യം പോലും അവിടെ വെച്ച് നഷ്ടപ്പെട്ടിരുന്നു.


ആ നാളുകളൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് യാസിന്‍ എന്ന വ്യക്തി പറയുന്നു. നെഹ്‌റു ക്യാമ്പില്‍ 1997 മുതല്‍ താമസിച്ചുവരികയാണ് ഇദ്ദേഹം. ദല്‍ഹി സര്‍ക്കാര്‍ ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്നാണ് ഈ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

അതേസമയം ചേരിനിവാസികളായി നിരവധി പേര്‍ ഇനിയും ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടെന്നും അവര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും മനീഷ് സിസോദിയ പ്രതികരിച്ചു. ഇവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസത്തിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും സിസോദിയ പറഞ്ഞു.

Advertisement