Categories

സ്‌കുള്‍ അട്ടിമറി: റബ്ബിനെതിരെ എല്‍.ഡി.എഫിന് കൂട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം :  മുസ്‌ലീം ലീഗ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നിയന്ത്രണത്തിലുള്ള 35 സ്‌കുളുകള്‍ എയ്ഡഡ് ആക്കാനുള്ള വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ തീരുമാനം എല്‍.ഡി.എഫിന്റേയും യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റേയും എതിര്‍പ്പ് ഒരുപോലെ നേരിടുന്നു.

കേരള നിയമ സഭയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ കേന്ദ്ര സഹായം ലഭിച്ചിരുന്ന 35 സ്‌കുളുകളെക്കുറിച്ച് കെ.ടി ജലീല്‍ എം.എല്‍.എ ചോദ്യം ഉന്നയിച്ചത്. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി അതിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഉച്ചയ്ക്ക് ശേഷം ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വിദ്യാഭ്യാസ മന്ത്രി സ്‌കുളുകള്‍  എയ്ഡഡ് ആക്കുമെന്ന് അറിയിച്ചപ്പോള്‍ തന്നെ പ്രതിക്ഷേധവുമായി  പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു.

ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായുള്ള ജൂണ്‍ 13ന് ചേര്‍ന്ന മന്ത്രിസഭാ യോഗതീരുമാനത്തിന്റെ പകര്‍പ്പുമായി എഴുന്നേറ്റ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മന്ത്രി മന്ത്രിസഭ തീരുമാനത്തെ മാറ്റിമറിക്കുന്നുവെന്ന് പറഞ്ഞ് ശക്തമായ എതിര്‍പ്പുയര്‍ത്തി. അബ്ദുറബ്ബിന്റെ തീരുമാനം അംഗീകരിക്കാത്ത മന്ത്രിമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.മാര്‍ അസംതൃപ്ത മുഖഭാവത്തോടെ ഇരുന്നു. മന്ത്രിസഭാതീരുമാനം അട്ടിമറിക്കുന്നതിലൂടെ കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന പ്രതിപക്ഷ പ്രതിഷേധം സഭയെ ശബ്ദമുഖരിതമാക്കി.
മന്ത്രിയുടെ തീരുമാനവും മന്ത്രിസഭാതീരുമാനവും രണ്ട് തട്ടില്‍ നിന്നപ്പോള്‍ ‘ അവസാന തീരുമാനം തന്റേതായിരിക്കുമെന്ന്’ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രശ്‌നം പരിഹരിക്കാനായില്ല. ബഹളത്തില്‍ ഇടപെട്ട് സംസാരിച്ച വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ബഹളം കൂടുതല്‍ രൂക്ഷമാക്കി.  മന്ത്രിസഭ തീരുമാനമെടുത്താല്‍ 24 മണിക്കൂറിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്നിരിക്കെ ഇത് ചെയ്യാതെ  നീട്ടിവെച്ചിരിക്കുന്നത് അഴിമതി നടത്താനാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.

35 സ്‌കുളുകള്‍ക്ക്  എയ്ഡഡ് പദവി നല്‍കാനുള്ള  വിദ്യഭ്യാസ മന്ത്രിയുടെ നീക്കത്തില്‍ കെ.പി.സി.സി യോഗം മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിച്ചു. കേന്ദ്ര ധനസഹായത്താല്‍ ആരംഭിച്ച സ്‌കുളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ലീഗ് മന്ത്രിയെടുത്ത തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ സാധ്യമല്ലായെന്നും മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് യോഗം അറിയിച്ചു.