കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ വാര്‍ദക്ക് പ്രവിശ്യയില്‍ നാറ്റോ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 31 യുഎസ് സൈനികര്‍ മരിച്ചു. അപകടത്തില്‍ അഫ്ഗാന്റെ ഏഴ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്‍ വിരുദ്ധ ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന നാറ്റോയുടെ ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.

സംഭവം അഫ്ഗാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് ഹാമിദ് കര്‍സായി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദി ആക്രമണമാണോ എന്ന കാര്യവും നാറ്റോ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ ഹെലികോപ്റ്റര്‍ തങ്ങള്‍ വെടിവെച്ചിട്ടതാണെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. നാറ്റോ വിമാനത്തെ തങ്ങള്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് താലിബാന്‍ പറഞ്ഞു.