കൊച്ചി: നാട്ടിലേക്ക് തിരിച്ച് വരാന്‍ മതിയായ രേഖകള്‍ കൈവശമില്ലാതെ നാലായിരത്തോളം ഇന്ത്യക്കാര്‍ അഫ്ഗാനിസ്ഥാനിലെ ജോലിസ്ഥലത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ മുവായിരത്തോളം പേര്‍ മലയാളികളാണ്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ്ങ് ഏജന്‍സിയാണ് ഇന്ത്യക്കാരെ വ്യാപകമായി അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയത്. ട്രാന്‍സിറ്റ് വിസയില്‍ ചെന്നൈയില്‍ നിന്ന് ദുബൈയിലേക്കും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും എത്തിക്കുകയായിരുന്നു. മെച്ചപ്പെട്ട തൊഴിലും മറ്റ് ആനുകുല്യങ്ങളും വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത ഇവര്‍ക്ക് വാഗ്ദാനം ലംഘിച്ച് അമേരിക്കന്‍ വാഹനങ്ങള്‍ക്ക് അറ്റകുറ്റപണി നിര്‍വ്വഹിക്കുന്ന ജോലിയാണ് നല്‍കിയത്.

യാതൊരു ആനുകൂല്യവുമില്ലാതെ തീര്‍ത്തും ദുരിതപൂര്‍ണ്ണമായ ജീവിതമാണ് ഇവരിവിടെ നയിക്കുന്നത്.  യാത്രാരേഖകളില്ലാത്തതിനാല്‍ പ്രതിഷേധിക്കാന്‍ പോലും പേടിയാണെന്ന് ഫോണില്‍ ബന്ധപ്പെട്ട സ്വകാര്യ ചാനലിനോട് ഇവരില്‍ ചിലര്‍ പറഞ്ഞു. നിരന്തരം ബന്ധപ്പെട്ടിട്ടും ഇന്ത്യന്‍ എംബസിയും തങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

ആളുകളുടെ എണ്ണത്തില്‍ അതിശയോക്തി പ്രകടിപ്പിച്ച കേന്ദ്ര വിദേശകാര്യമന്ത്രി ഇ.അഹമ്മദ് സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വാസ്തമാണെങ്കില്‍ ഇവരുടെ മോചനത്തിന് വേണ്ട നടപടിയെടുക്കുമെന്നും പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷിച്ച് വരികയാണെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നോര്‍ക്കെയുടെ ചുമലയുള്ള മന്ത്രി. കെ.സി. ജോസഫ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നവരുടെ മോചനത്തിനും സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.