ദമാസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരം കടന്നതായി യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.

സൈന്യവും പ്രക്ഷോഭകരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലിനു ഇരയായതു ബഹുഭൂരിപക്ഷവും സിറിയന്‍ പൗരന്‍മാരാണ്. അസാദിനെതിരെ മാര്‍ച്ചിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞമാസം മരണസംഖ്യ 2200 കവിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട അസാദിന്റെ സൈന്യം ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും ലക്ഷ്യമിടുന്നുണ്ടെന്നും നിരവധി പേരെ സൈന്യം തടഞ്ഞുവച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

പ്രക്ഷോഭകാരികളെ സായുധ തീവ്രവാദികളെന്നു വിശേഷിപ്പിച്ചാണ് അസാദിന്റെ സൈന്യം നരവേട്ട തുടരുന്നത്. കുട്ടികള്‍ക്കു നേരെ പോലും സൈന്യത്തിന്റെ തോക്കുകള്‍ ശബ്ദിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തി.