എഡിറ്റര്‍
എഡിറ്റര്‍
ബീഹാറിലെ ക്ഷേത്രഗോപുരത്തിന് മോടി കൂട്ടാന്‍ 300 കിലോ സ്വര്‍ണം, കാവലിന് 24 തായ്‌ലന്റ് കമാന്‍ഡോകള്‍
എഡിറ്റര്‍
Wednesday 13th November 2013 3:51pm

bodh-gaya-temple

പാട്‌ന: ബീഹാറിലെ 1500 വര്‍ഷം പഴക്കമുള്ള മഹാബോധി ക്ഷേത്രത്തിന്റെ ഗോപുരത്തിന് മോടി കൂട്ടാന്‍ 300 കിലോഗ്രാം സ്വര്‍ണം.

ബോധ് ഗയ ടൗണില്‍ പതിമൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന് കാവല്‍ നില്‍ക്കുന്നത് തായ്‌ലന്റില്‍ നിന്നുമെത്തിയ രണ്ട് ഡസന്‍ കമാന്‍ഡോകള്‍.

തായ്‌ലന്റില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഗോപുരത്തിന് സ്വര്‍ണം പൊതിയുന്നത്.

ഇതിലെ 289 കിലോ സ്വര്‍ണവും തായ്‌ലന്റിലെ ബുദ്ധമത വിശ്വാസികളാണ് സംഭാവന ചെയ്തിരിക്കുന്നത്. ബാങ്കോക്കില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് ഇത് ബോധ് ഗയയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ജോലിയാരംഭിച്ചു.

അമ്പലത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘ക്ഷേത്രഗോപുരം ഇനിമുതല്‍ സ്വര്‍ണത്തിളക്കത്തിലായിരിക്കും എന്നത് ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു.’ ബോധ് ഗയ ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറിയായ എന്‍. ദോര്‍ജി പറയുന്നു.

പ്രാരംഭഘട്ടങ്ങള്‍ കഴിഞ്ഞ് സ്വര്‍ണം പൊതിയാന്‍ ആരംഭിക്കുന്നത് മുതല്‍ എല്ലാ പ്രവൃത്തികളുടെയും വീഡിയോ ചിത്രങ്ങളെടുക്കുമെന്ന് കമ്മറ്റിയംഗമായ അരവിന്ദ് കുമാര്‍ സിങ് വെളിപ്പെടുത്തി.

‘രണ്ട് ഡസന്‍ കമാന്‍ഡോകളും ഒരു ഡസന്‍ സാങ്കേതിക വിദഗ്ധരുമുള്‍പ്പെടെ നാല്‍പ്പത് പേരാണ് സംഭാവനയായി ലഭിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. പതിമൂന്ന് പെട്ടികളിലായാണ് സ്വര്‍ണം എത്തിച്ചത്. 40-50 ദിവസത്തിനുള്ളില്‍ സ്വര്‍ണം പൊതിയുന്ന ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.’ സിങ് പറഞ്ഞു.

തായ്‌ലന്റിന്റെ മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയായ ജനറല്‍ പ്രിച്ഛയാണ് സംഘത്തെ നയിച്ചത്.

‘ക്ഷേത്ര പരിസരത്ത് തന്നെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന് കാവല്‍ നില്‍ക്കുന്നത് ഇരുപത്തിനാലോളം തായ്‌ലന്റ് കമാന്‍ഡോകളാണ്.’ സിങ് തുടരുന്നു.

ജില്ലാ ഭരണകൂടവും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടുകൊടുത്തിട്ടുണ്ട്.

തായ്‌ലന്റ് ആസ്ഥാനമാക്കിയുള്ള ക്രീങ് താവോണ്‍ കണ്ടെയ്‌നേഴ്‌സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്വര്‍ണം പൂശുന്നതിനുള്ള ജോലികള്‍ നിര്‍വഹിക്കുന്നത്.

തായ്‌ലന്റ് രാജാവായ ഭൂമിബോല്‍ അതുല്യയാണ് കഴിഞ്ഞ വര്‍ഷം ക്ഷേത്രഗോപുരം സ്വര്‍ണം പൂശാനുള്ള തീരുമാനമെടുത്തത്.

എന്നാല്‍ ഇതിന് പുരാവസ്തുവകുപ്പിന്റെ അനുമതി കിട്ടാന്‍ വൈകി. സ്വര്‍ണം പൊതിയുന്ന ജോലികള്‍ക്ക് വകുപ്പിലെ വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കും.

നവംബര്‍ 16-ന് പ്രധാനക്ഷേത്രത്തിന് പിന്നിലുള്ള മഹാബോധി വൃക്ഷച്ചുവട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. സ്വര്‍ണം സംഭാവന ചെയ്തവര്‍ ഉള്‍പ്പെടെ തായ്‌ലന്റില്‍ നിന്നുള്ള 500 വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദോര്‍ജി പറഞ്ഞു.

ആദ്യഘട്ടമായ രാസപ്രക്രിയകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയായതായി അദ്ദേഹം വെളിപ്പെടുത്തി.

‘ഇപ്പോള്‍ സ്വര്‍ണത്തകിട് പൊതിയാനായി വിദഗ്ധര്‍ക്ക് കയറി നില്‍ക്കാനുള്ള സജ്ജീകരണങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.’ അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഈ ക്ഷേത്രപരിസരത്ത് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ആരെങ്കിലും കൊല്ലപ്പെടുകയോ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരുന്നില്ല.

അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണ് മഹാബോധി ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. 180 അടിയാണ് ഉയരം. ഒരിക്കല്‍ വിസ്മൃതിയിലാണ്ടു പോയിരുന്ന ഇത് 19-ാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാമിന്റെ ശ്രമഫലമായാണ് പുനരുദ്ധരിച്ചത്.

1861-ല്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പിന് തുടക്കമിട്ടതും അദ്ദേഹം തന്നെയാണ്.

ലോകത്താകെയുള്ള ബുദ്ധമത വിശ്വാസികളുടെ തീര്‍ത്ഥാടനകേന്ദ്രമാണ് മഹാബോധി ക്ഷേത്രം. ഗൗതമന്‍ എന്ന യുവാവിന് ജ്ഞാനോദയം ലഭിച്ച് ബുദ്ധനായി മാറിയത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.

Advertisement