പ്രണയത്തിന് നിര്‍വചനമില്ല. സത്യസന്ധമായും അല്ലാതെയും ഒക്കെ പ്രണയിക്കുന്നവര്‍ നിരവധിയാണ്. ആത്മാര്‍ത്ഥമായ പ്രണയങ്ങള്‍ ആണെങ്കില്‍ പോലും അത് വിവാഹത്തില്‍ കലാശിക്കണമെന്നില്ല. എന്നാല്‍ ജോലിസ്ഥലത്തെ പ്രണയങ്ങളില്‍ 30 ശതമാനവും വിവാഹത്തില്‍ കലാശിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

യു.എസിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ 7,780 ജോലിക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരില്‍ 30 ശതമാനത്തോളം പേര്‍ കൂടെ ജോലിചെയ്യുന്നവരെ പ്രണയിച്ചു വിവാഹം ചെയ്തവരാണ്.

കൂടെ ജോലിചെയ്യുന്നവരെ പ്രണയിക്കാന്‍ നിരവധി കാരണങ്ങളും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ മാനസികമായി യോജിപ്പുണ്ടാകും. പലകാര്യങ്ങളിലും അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരേ പോലെയായിരിക്കും. കൂടാതെ വീട്ടില്‍ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഓഫീസില്‍ ചിലവഴിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ കൂടെയുള്ളവരെ അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ഒരുപാടാണ്.

മനസ്സുതുറന്നു സംസാരിക്കാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുമ്പോള്‍ തന്നെ മാനസികമായൊരടുപ്പം ഇവര്‍ തമ്മിലുണ്ടാകും. അത് പ്രണയമായി പൂത്തുലയാന്‍ അധികസമയം വേണ്ട. അതുമാത്രമല്ല. തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ ലഭിക്കുതയെന്നതാണ് ഏറ്റവും വലിയകാര്യം. ഒരേ ഓഫീസില്‍ ഒരെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകാന്‍ കഴിയുമെന്നതും ഓഫീസ് പ്രണയങ്ങള്‍ വിജയിക്കുന്നതിന് കാരണമാകുണ്ട്.

വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും ഈഗോ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.

Malayalam News

Kerala News In English