തിരുവനന്തപ്പുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഡി. എം. ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡി. എം. ഇയുടെ റിപ്പോര്‍ട്ട് ഔട്ട് ഓഫ് അജണ്ടയായാണ് മന്ത്രിസഭ പരിഗണിച്ചത്.

ഡി. എം. ഇയുടെ റിപ്പോര്‍ട്ടില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നു. ഡോ. ഉഷാകുമാരി, ഡോ. പി. അനില്‍ കുമാര്‍്, ഡോ. മോഹന്‍ദാസ് എന്നിവരാണ് മൂന്നംഗ സമിതിയില്‍ ഉള്ളത്. മെഡിക്കല്‍ കേളേജില്‍ ആധുനിക ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. ഇതിനായി മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചു. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കേളേജുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനും നീക്കമുണ്ട്.

ന്യൂറോയിലും ട്രോമയിലും വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെങ്കിലും മറ്റു ഡിപാര്‍ട്ടുമെന്റുകളില്‍ ഒഴിവുണ്ടായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ചികിത്സ കിട്ടാതെ ഒറീസ്സ സ്വദേശി സീതു (18) മരിച്ച വാര്‍ത്ത വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഇന്ത്യാവിഷന്‍ പുറത്തു കൊണ്ട് വന്നിരുന്നു. സംഭവം വലിയ പ്രതിഷേധം സൃഷ്ടിച്ചപ്പോള്‍ ഡി. എം. ഇയോട് സര്‍ക്കാര്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയായിരുന്നു ഡി. എം. ഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയായിരുന്നു. ഇന്ന് ആരോഗ്യ മന്ത്രിയും ധനമന്ത്രിയും സഭയില്‍ ഇല്ലാതിരുന്നതിനാല്‍ 20-ാം തിയ്യതി ആരോഗ്യ, ധന, തൊഴില്‍, വനം മന്ത്രിമാരുടെയും അഞ്ച് മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.