ശ്രീനഗര്‍: ഏപ്രില്‍ എട്ടിനുണ്ടായ സ്‌ഫോടനത്തില്‍ മൗലാനാ ഷൗക്കത്ത് അഹമ്മദ് ഷാ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി. ഷൗക്കത്ത് അഹമ്മദിനെ ലക്ഷ്യംവെച്ചുതന്നെയായിരുന്നു സ്‌ഫോടനം നടന്നതെന്ന് പോലീസ് ഐ.ജി എസ്.എം. സഹായി പറഞ്ഞു.

സൗത് ഉല്‍ ഹഖ് എന്ന സംഘടനയും അതിന്റെ ചില പ്രവര്‍ത്തകരുമാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ശ്രീനഗറിലെ സെന്‍ട്രല്‍ ജയിലില്‍വെച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് പറയുന്നു. താഴ്‌വരയില്‍ ഷൗക്കത്ത് അഹമ്മദ് നടത്തിയിരുന്ന ചില പ്രവര്‍ത്തനങ്ങളെ സംഘടന സംശയത്തോടെയായിരുന്നു കണ്ടിരുന്നതെന്നും ഇതായിരിക്കാം ഷൗക്കത്ത് അഹമ്മദിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.

നേരത്തേ ഷൗക്കത്ത് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ ബജ്രംഗ് ദളാണെന്ന് ആരോപണമുണ്ടായിരുന്നു. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളാണ് ഷൗക്കത്തിന്റെ മരണത്തിന് പിന്നില്‍ ബജ്രംഗ് ദളാണെന്ന ആരോപണം ഉന്നയിച്ചത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് ബജ്രംഗ് ദളിനെ ലക്ഷ്യമിട്ട് ആരോപണമുന്നയിച്ചിട്ടുള്ളത്.