എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീപീഡന കേസുകള്‍ക്കായി സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍
എഡിറ്റര്‍
Sunday 20th January 2013 12:45am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകള്‍ വിചാരണയ്‌ക്കെടുക്കാനായി മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ സ്ഥാപിക്കുക.

Ads By Google

ഇന്നലെ രാവിലെ രാജ്ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മുഖ്യമന്ത്രിയും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരുമായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

എറണാകുളത്ത് സ്ത്രീപീഡന കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി രൂപവത്കരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത്തരം കേസുകള്‍ക്കായി ഒരു കോടതി വേണമെന്ന നിര്‍ദേശം നേരത്തെ ഹൈക്കോടതി ഉന്നയിച്ചിരുന്നു.

25 മജിസ്‌ട്രേറ്റ് കോടതികള്‍ വേണമെന്നാണ് ഹൈക്കോടതി മുന്നോട്ടുവെച്ച നിര്‍ദേശമെങ്കിലും തുകയുടെ ലഭ്യതയനുസരിച്ച് എണ്ണം തീരുമാനിക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഗ്രാമക്കോടതികള്‍സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും. ഹൈക്കോടതിയില്‍ ചില തസ്തികകള്‍ അനുവദിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയില്‍ തീരുമാനമായി.

ആദ്യകോടതി കൊച്ചിയില്‍ അടുത്തയാഴ്ച തന്നെ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തും കോഴിക്കോട്ടും തുടര്‍ന്ന് കോടതികള്‍ തുടങ്ങും. ജില്ലാ ജഡ്ജിയായിരിക്കും കോടതിയുടെ അധ്യക്ഷ സ്ഥാനത്തുണ്ടാകുക.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡന കേസുകള്‍ കണക്കിലെടുത്താണ് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.

ചീഫ് ജസ്റ്റിസും ഇതംഗീകരിച്ചതോടെയാണ് മൂന്നു കോടതികള്‍ തുടങ്ങാന്‍ തത്വത്തില്‍ തീരുമാനമായത്. തിരുവനന്തപുരത്തും കോഴിക്കോട്ടും കോടതികള്‍ തുടങ്ങാനുള്ള നിര്‍ദേശം ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് അയയ്ക്കും. തുടര്‍ന്ന് അതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

ഏതു സ്ഥലത്തു വെച്ച് പീഡനം നടക്കുന്നുവോ അവിടത്തെ മേലധികാരി ഉടന്‍ തന്നെ അക്കാര്യം പോലീസില്‍ അറിയിക്കണം. ഇതില്‍ കൃത്യവിലോപം കാട്ടിയാല്‍ മേലധികാരിക്കും ശിക്ഷ ലഭിക്കും. സ്ത്രീപീഡന കേസുകളില്‍ ജീവപര്യന്തം തടവും പീഡനശ്രമത്തിനിടെ ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പൊതുസ്ഥലത്തുവെച്ചോ, ജോലിസ്ഥലത്തുവെച്ചോ സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടംവരുന്ന ഏത് പെരുമാറ്റവും കുറ്റകൃത്യമായി കണക്കാക്കും.

Advertisement