ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ മൂന്ന് ദളിത് കോളനികളിലായി 300 കുടിലുകള്‍ക്ക് സവര്‍ണര്‍ തീയിട്ടു. ഉയര്‍ന്ന ജാതിയില്‍പെട്ട യുവതി ദളിത് യുവാവിനെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

Ads By Google

എന്നാല്‍ അക്രമങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീവെപ്പിനെ തുടര്‍ന്ന് നിരവധി പേര്‍ അയല്‍ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദളിത് യുവാവിന്റെ കോളനിയായ നതം ആണ് അക്രമികള്‍ ആദ്യം കത്തിച്ചത്.

ഇതിന് ശേഷമാണ് തൊട്ടടുത്തുള്ള ദളിത് കോളനികളായ കൊണ്ടംപട്ടി, അണ്ണാനഗര്‍ എന്നിവിടങ്ങളിലെ കുടിലുകള്‍ക്ക് തീയിട്ടത്. ബുധനാഴ്ച രാത്രിയാണ് അക്രമങ്ങള്‍ തുടങ്ങുന്നത്. പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചാണ് കുടിലുകള്‍ക്ക് തീയിട്ടത്. ആക്രമണ വിവരം മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് കോളനി നിവാസികള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 90 പേരെ അറസ്റ്റ് ചെയ്തതായി സേലം ഡി.ഐ.ജി സന്തോഷ് കുമാര്‍ അറിയിച്ചു. ഇതിന് പുറമെ ഗ്രാമങ്ങളില്‍ ശക്തമായ സായുധ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. അക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ നവദമ്പതികളെ പോലീസ് സുരക്ഷയില്‍ മറ്റൊരു പ്രദേശത്ത് താമസിപ്പിച്ചിരിക്കുകയാണ്.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടര്‍ ലില്ലി പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളനി നിവാസികള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.