ജോര്‍ഹട്ട്: പാചകത്തിനായി ബീഫ് വാങ്ങിയ രണ്ടുപേര്‍ അസമില്‍ അറസ്റ്റിലായി. സംഭവത്തില്‍ ഒരു കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസമില്‍ കൂലിപ്പണിയെടുക്കുന്ന ബംഗ്ലാദേശ് വംശജരാണ് അറസ്റ്റിലായത്.

Subscribe Us:

ഇവര്‍ക്കെതിരെ അസം പശുസംരക്ഷണ നിയമപ്രകാരം കേസെടുത്തു. രാത്രി പാചകത്തിന് അര കിലോ ബീഫുമായി എത്തിയ ഇവരെ സമീപത്ത് ക്ഷേത്രമുണ്ടെന്ന കാരണം പറഞ്ഞാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

പൊതുവിടത്തിലൂടെ ബീഫ് വാങ്ങി വന്നതിലൂടെ ഇവര്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബീഫ് വാങ്ങിവരുംവഴി പലചരക്ക് കടയില്‍ കയറിയ മൂവരോടും കവറിലെന്താണെന്ന് കടക്കാരന്‍ അന്വേഷിക്കുകയായിരുന്നു. ബീഫ് ആണെന്ന് പറഞ്ഞപ്പോള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കടയ്ക്കകത്തേക്ക് കയറിപ്പോയ ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.


Dont Miss എന്തുകൊണ്ട് ബിവറേജിന് ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കിക്കൂടാ? ; ഓണ്‍ ലൈന്‍ മദ്യവില്‍പ്പന കൊണ്ടുള്ള മെച്ചങ്ങള്‍ അക്കമിട്ട് നിരത്തി ജോയ് മാത്യു 


തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ ആണ് പൊലീസ് എത്തിച്ചേര്‍ന്നത്. ബീഫ് ഇറച്ചി കാണിച്ച് ഇവര്‍ നാട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പരാതി. എന്നാല്‍ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കവറിലെന്താണ് ചോദിച്ചപ്പോള്‍ ബീഫ് ആണെന്ന് പറയുക മാത്രമായിരുന്നു ചെയ്തതെന്നും ഇവര്‍ പറയുന്നു. ആസ്സാമില്‍ ഗോവധത്തിന് നിരോധമില്ലെന്നിരിക്കെയാണ് ബീഫ് വാങ്ങി വരുകയായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.