കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിക്കും പൂന്തുറ സിറാജിനുമെതിരേ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പി ഡി പി പ്രവര്‍ത്തകരുടെ ആത്മഹത്യാ ശ്രമം തടയാത്തതിനും റോഡ് ഉപരോധിച്ചതിനുമാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

നേരത്തേ പ്രകടനം നടത്തിയതിനും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കോലംകത്തിച്ചതിനും അന്‍വാര്‍ശേരിയിലെ രണ്ട് പി ഡി പി പ്രവര്‍ത്തകരെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, റാഫി എന്നിവരെയാണ് അറസ്റ്റുചെയ്തത്. കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

പോലീസ് നടപടിക്കു തടസം, സമാധാന ജീവിതത്തിനു ഭംഗം വരുത്തല്‍, അന്യായമായ സംഘം ചേരല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളി എന്നീ കുറ്റങ്ങളാണ് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടാന്‍ കൊല്ലം എ ആര്‍ ക്യാമ്പില്‍ നിന്ന് ഒരുവാന്‍ പോലീസ് അന്‍വാര്‍ശേരിയിലേക്ക് അയച്ചിട്ടുണ്ട്.