ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിവാദത്തില്‍ രാജക്കെതിരേ നടപടിയെടുക്കുന്നതില്‍ സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു വിധേയനായ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ സംയുക്തപാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ബി ജെ പി പിറകോട്ട് പോയിട്ടില്ലെന്നും അദ്വാനി പറഞ്ഞു.

യു പി എയുടെ ഭരണത്തിന്‍കീഴില്‍ അഴിമതി സാധാരണമായിരിക്കുകയാണ്. 60 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിനിടയില്‍ സുപ്രീംകോടതി ഒരാള്‍ക്കെതിരേ അതിരൂക്ഷമായി പ്രതികരിക്കുന്നത് ഇതാദ്യമാണെന്നും അദ്വാനി പറഞ്ഞു.

നേരത്തേ ടെലകോം ഇടപാടില്‍ എ രാജക്കെതിരേ നടപടിയെടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനായിരുന്നു പ്രധാനമന്ത്രിക്കെതിരേ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയത്.