ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം വിതരണത്തിലെ അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കും. മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവിലാണ് ജെ.പി.സി രൂപീകരിക്കുന്നത്.

സമിതിയില്‍ 30 എം.പിമാര്‍ ഉണ്ടാകും. രാജ്യസഭയില്‍ നിന്ന് 10 എം.പിമാരും ലോകസഭയില്‍ നിന്ന് 20 പേരുമായിരിക്കും ഉണ്ടാവുക. ജെ.പി.സി രൂപീകരണവുമായി ബന്ധപ്പെട്ട പ്രമേയം അടുത്തയാഴ്ച്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

നേരത്തേ സ്‌പെക്ട്രം വിഷയത്തില്‍ ജ.പി.സി രൂപീകരിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍ ടെലകോം മന്ത്രി എ.രാജയെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ടെലകോം സെക്രട്ടറിയടക്കം മൂന്നുപേരും അറസ്റ്റിലായി. ഇതോടെ ജെ.പി.സി രൂപീകരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയും ഒടുവില്‍ കേന്ദ്രം വഴങ്ങുകയുമായിരുന്നു.