ചെന്നൈ: 2ജി സ്‌പെക്ട്രം കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ കരുണാനിധിയുടെ മകള്‍ കനിമൊഴി പ്രതിചേര്‍ക്കപ്പെട്ടത് നിയമപരമായി നേരിടുമെന്ന് ചെന്നൈയില്‍ ചേര്‍ന്ന ഡി.എം.കെ യുടെ ഉന്നതതലയോഗം തീരുമാനിച്ചു. യു. പി.എ മുന്നണി സഖ്യം വിടില്ലെന്നും മുഖ്യമന്ത്രി കരുണാനിധിയുടെ നേതൃത്വത്തില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡി.എം.കെ നേതൃയോഗം വിളിച്ചുകൂട്ടിയത്. എ.രാജയ്ക്കു പിന്നാലെ കനിമൊഴിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഡി.എം.കെ. കനിമൊഴിക്ക് പൂര്‍ണ്ണപിന്തുണ നല്‍കാനാണ് പാര്‍ട്ടിതീരുമാനം. 2ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ ക്കെതിരായി ഗൂഢനീക്കം നടക്കുന്നുണ്ടെന്നും പ്രതിചേര്‍ത്തതുകൊണ്ടുമാത്രം ഒരാള്‍ കുറ്റക്കാരിയാകുന്നില്ലെന്നും നേതൃത്വം പറഞ്ഞു.

Subscribe Us:

കഴിഞ്ഞ തിങ്കളാഴ്ചയാണ് കനിമൊഴി, കലൈഞ്ജര്‍ ടി.വി എം.ഡി എന്നിവരെ സി.ബി.ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.ആരോപണവിധേയയായ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ പ്രായാധിക്യത്തിന്റെ പേരിലും കമ്പനിയുടെ നടത്തിപ്പില്‍ ഇടപെട്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.