ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അന്വേഷണത്തിന് പി.ജെ തോമസ് മേല്‍നോട്ടം വഹിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. നിരീക്ഷണത്തില്‍ നിന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണനെയും ഒഴിവാക്കാന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു.

2ജി സ്‌പെക്ട്രം കേസില്‍ സി.വി.സിക്കും പി.ജെ തോമസിനുമെതിരെ കോടതി പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ എന്ന നിലയ്ക്ക് കേസ് അന്വേഷിക്കേണ്ടത് പി.ജെ തോമസിന്റെ നേതൃത്വത്തിലാണ്. എന്നാല്‍ തോമസ് ടെലകോം സെക്രട്ടറി ആയിരുന്ന കാലത്ത് അനുവദിച്ചതാണ് 2ജി സ്‌പെക്ട്രം. ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങിനെ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് നിഷ്പക്ഷമായി നിരീക്ഷിക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് പി.ജെ തോമസ് കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളടങ്ങിയ ടേപ്പ് കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.